കൊച്ചി: ലയണ്‍സ് ഡിസ്ട്രിക്ട് 324 ഇ 4ന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഓഗസ്റ്റ് 25 വ്യാഴം) എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 1500 കേന്ദ്രങ്ങളിലായി രണ്ടു ലക്ഷം വൃക്ഷത്തൈകള്‍ നടും. ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. വിംഗ് കുന്‍ ടാമിന്റെ ദക്ഷിണേന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന പരിപാടി രാവിലെ പത്തിന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കുമെന്ന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ടി.എ. വര്‍ക്കി പറഞ്ഞു.
രാവിലെ വൈറ്റില മൊബിലിറ്റി ഹബില്‍ നടക്കുന്ന പ്രധാന ചടങ്ങില്‍ ബെന്നി ബഹനാന്‍ എം.എല്‍.എ, മൊബിലിറ്റി ഹബ് മാനേജിംഗ് ഡയറക്ടര്‍ എം. ബീന, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എ. മുഹമ്മദ് നൗഷാദ്, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ടി.എ. വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുക്കും.
ജി. രാമസ്വാമി വിഭാവനംചെയ്ത ലയണ്‍സ് ഗ്രീന്‍ റവല്യൂഷന്‍ പദ്ധതിയിന്‍കീഴില്‍ ദക്ഷിണേന്ത്യയിലെ 30 ലയണ്‍സ് ഡിസ്ട്രിക്ടുകളിലുമായി ആറു മണിക്കൂറിനുള്ളില്‍ നാല്‍പ്പതു ലക്ഷം വൃക്ഷത്തൈകളാണ് ഇന്ന് നടുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി ആഗോള താപനത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തിയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാന്‍ സഹായകമാകുമെന്ന് ഡോ. വര്‍ക്കി പറഞ്ഞു.
വിവിധ കേന്ദ്രങ്ങളില്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ക്ലബ്ബ് ഭാരവാഹികളും നേതൃത്വം നല്‍കും.
വൃക്ഷത്തൈകള്‍ വിതരണംചെയ്യുന്നതും പൊതു സ്ഥലങ്ങളിലും മറ്റും നടുന്നതും ഉള്‍പ്പെടെയുള്ള പതിവു രീതികളില്‍നിന്ന് വിഭിന്നമായി നടുന്ന തൈകളുടെ പരിപാലനംകൂടി ഉറപ്പാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഡിസ്ട്രിക്ട് 324 ഇ 4ല്‍ പ്രധാനമായും സ്‌കൂള്‍ പരിസരങ്ങളും മതസ്ഥാപനങ്ങളും മറ്റുമാണ് തൈകള്‍ നടുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.


10:14 am
മീഡിയ ഹബ്
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ