കൊച്ചി: ആറു മണിക്കൂറിനുള്ളില്‍ രണ്ടു ലക്ഷം വൃക്ഷത്തൈകള്‍ നട്ട് ലയണ്‍സ് ഡിസ്ട്രിക്ട് 324 ഇ 4 പരിസ്ഥിതി സംരക്ഷണ രംഗത്ത് പുതിയ ചരിത്രമെഴുതി. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ആയിരത്തോളം കേന്ദ്രങ്ങളില്‍ ഇന്നലെ(ഓഗസ്റ്റ് 25) രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയുള്ള സമയത്തായിരുന്നു വൃക്ഷത്തൈ നടീല്‍.
ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. വിംഗ് കുന്‍ ടാമിന്റെ ദക്ഷിണേന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ പ്രധാന ഉദ്ഘാടനം വൈറ്റില മൊബിലിറ്റി ഹബ്ബ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ബീന നിര്‍വഹിച്ചു. മൊബിലിറ്റി ഹബ്ബ് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.
മൊബിലിറ്റി ഹബ്ബ് കേന്ദ്രീകരിച്ചുള്ള ഗതാഗതത്തിരക്ക് വര്‍ധിക്കുമ്പോള്‍ മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി സഹായകമാകും. വൃക്ഷത്തൈകളുടെ പരിപാലനം ഏറെ ശ്രമകരമാണ്. ലയണ്‍സ് ക്ലബിന് അതിനു കഴിയുമെന്നാണ് പ്രതീക്ഷ-ഡോ. ബീന പറഞ്ഞു.
ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ റിനൈസന്‍സ് ആതിതിഥ്യമരുളിയ ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ടി.എ. വര്‍ക്കി അധ്യക്ഷത വഹിച്ചു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എ. മുഹമ്മദ് നൗഷാദ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഫ്രാന്‍സീസ് മാഞ്ഞൂരാന്‍, ജോഷി പള്ളന്‍, ടി.പി. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ റിനൈസന്‍സ് പ്രസിഡന്റ് തോമസ് ജോര്‍ജ് സ്വാഗതവും കോശി പണിക്കര്‍ നന്ദിയും പറഞ്ഞു.
തൃപ്പൂണിത്തുറ ഹില്‍പാലസില്‍ പാലസ് സിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനംചെയ്തു. എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ മറ്റു കേന്ദ്രങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളും വൃക്ഷത്തൈ നടീലിന് നേതൃത്വം നല്‍കി.
വൃക്ഷത്തൈകള്‍ വിതരണംചെയ്യുന്നതും പൊതു സ്ഥലങ്ങളിലും മറ്റും നടുന്നതും ഉള്‍പ്പെടെയുള്ള പതിവു രീതികളില്‍നിന്ന് വിഭിന്നമായി നടുന്ന തൈകളുടെ പരിപാലനംകൂടി ഉറപ്പാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. വര്‍ക്കി പറഞ്ഞു. സ്‌കൂളുകളുടെയും മതസ്ഥാപനങ്ങളുടെയും മറ്റും പരിസരങ്ങളിലാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. തേക്ക്, മഹാഗണി, വേപ്പ്, മാവ്, പ്ലാവ്, പേര, കൊന്ന, മന്ദാരം, കരിങ്ങാലി, കൂവളം, അശോകം തുടങ്ങിയ വൃക്ഷങ്ങളാണ് നട്ടത്.


1:15 am
മീഡിയ ഹബ്
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ