വായിക്കാന്‍ പറ്റുന്നില്ലേ?

ഇതിലെ പോയി മലയാളം യൂണികോട് ഫോണ്ട് നിള ഡൗണ്‍ലോഡ് ചെയ്താലും

2009 നവംബർ 20, വെള്ളിയാഴ്‌ച

കളമശ്ശേരി ബസ്‌ കത്തിക്കല്‍ഉമ്മന്‍ ചാണ്ടിയെയും കോടിയേരിയെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ബി.ജെ.പി

കൊച്ചി: കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസിന്റെ അന്വേഷണപരിധിയില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയെയും മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, പി.കെ. ശ്രീമതി, എം.എ. ബേബി,പാലോളി മുഹമ്മദ്‌കുട്ടി എന്നിവരെയും ഉള്‍പ്പെടുത്തണമെന്ന്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
കേസില്‍ മഅദനിക്കും ഭാര്യ സൂഫിയക്കും പങ്കുണ്ടെന്ന്‌ നേരത്തെ വ്യക്തമായിട്ടും ഇരുവരെയും സംരക്ഷിക്കാനും പ്രീണിപ്പിക്കാനും ഇടതു, വലതു മുന്നണികള്‍ മത്സരിക്കുകയായിരുന്നു.
ബസ്‌കത്തിക്കല്‍ സംഭവത്തിനുശേഷം ഉമ്മന്‍ ചാണ്ടി സൂഫിയയെ സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു. ഇപ്പോഴത്തെ എംപി കെ. സുധാകരന്‍ കോയമ്പത്തൂര്‍ ജയിലില്‍ മഅദനിയുമായി കൂടിക്കാഴ്‌ച്ച നടത്തി. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മന്ത്രിമാരായ പി.കെ. ശ്രീമതി, പാലൊളി മുഹമ്മദ്‌കുട്ടി, എം.എ. ബേബി തുടങ്ങിയവര്‍ സൂഫിയയെ വീട്ടില്‍ സന്ദര്‍ശിക്കുകയും ക്ഷേമാന്വേഷണം നടത്തുകയും ചെയ്‌തു.
പ്രതിപക്ഷനേതാവിന്റെയും ഈ മന്ത്രിമാരുടെയും ടെലിഫോണ്‍ കോളുകള്‍ പരിശോധനാവിധേയമാക്കണം-രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
ബസ്‌ കത്തിച്ച 2005 സെപ്‌റ്റംബര്‍ ഒമ്പതിന്‌ രണ്ടു ദിവസം മുമ്പ്‌ മുതല്‍ പ്രതികളായ ഒമ്പതോളം പേര്‍ സൂഫിയയുടെ വീട്ടില്‍ താമസിച്ചിരുന്നു. പിന്നീട്‌ കശ്‌മീരില്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നു കൊടുംഭീകരരും ഇതില്‍ ഉള്‍പ്പെടുന്നു. കേസില്‍ പ്രതിയെന്ന്‌ പോലീസ്‌ സൂചിപ്പിച്ചിട്ടുള്ള യൂസഫ്‌ പറവൂര്‍ കോടതിയില്‍ നല്‍കിയിട്ടുള്ള മൊഴിയില്‍ താന്‍ സൂഫിയയുടെ വീട്ടില്‍ താമസിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്‌.
ഈ വര്‍ഷം മാര്‍ച്ച്‌ 14ന്‌ എറണാകുളം പ്രസ്‌ ക്ലബില്‍തന്നെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേസിലെ പ്രതികള്‍ സൂഫിയയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങള്‍ ഞാന്‍ ഹാജരാക്കിയിരുന്നു. കശമീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ ഫോണ്‍ നമ്പരുകളും ഇതിലുണ്ട്‌-രാധാകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.
സൂഫിയ മഅദനി രണ്ടു ലക്ഷം രൂപ തന്നതായും കൃത്യത്തില്‍ പങ്കാളികളായവര്‍ക്ക്‌ പെരുമ്പാവൂരില്‍വെച്ച്‌ ഇരുപതിനായിരം രൂപവീതം വിതരണംചെയ്‌തതായും പ്രതിസ്ഥാനത്തുള്ള മജീദ്‌ പറമ്പായ പോലീസിനോട്‌ വെളിപ്പെടുത്തിയിരുന്നു.
വ്യക്തമായ തെളിവുകളും മൊഴികളും രേഖകളും ഉണ്ടായിട്ടും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേസിലെ പ്രതികള്‍ക്കെതിരെ പോലീസ്‌ നടപടിയെടുക്കാത്തത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യം അവശേഷിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം കേരളം മറ്റൊരു കശ്‌മീരായി മാറിക്കൊണ്ടിരിക്കുകയാണ്‌. ലൗ ജിഹാദ്‌ പോലെയുള്ള അപകടരകമായ പുത്തന്‍ പ്രവണതകള്‍പോലും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്‌. മഅദനിയുടെയും സൂഫിയയുടെയും കാര്യത്തില്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും ബോധപൂര്‍വമായ മൗനം പാലിക്കുകയാണ്‌.
മഅദനിയെ രക്ഷപ്പെടുത്താനും സൂഫിയയെ സംരക്ഷിക്കാനും എല്‍.ഡി.എഫ്‌, യൂ.ഡി.എഫ്‌ നേതാക്കള്‍ നടത്തിയിട്ടുള്ള വഴിവിട്ട നീക്കങ്ങളെക്കുറിച്ച്‌ സമഗ്രാന്വേഷണം വേണം-രാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

2009 നവംബർ 15, ഞായറാഴ്‌ച

റാണയുടെയും ഭാര്യയുടെയും പാസ്പോര്‍ട്ട് പകര്‍പ്പ്



ലഷ്കറെ തയ്ബ ഭീകരന്‍ ഡേവിഡ് ഹെഡ് ലിക്കൊപ്പം വാഷിംഗ്ടണില്‍ പിടിയിലായ ഡോ. തഹാവുര്‍ ഹുസൈന്‍ റാണയുടെയും ഭാര്യയുടെയും പാസ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍. ഇവര്‍ കൊച്ചിയില്‍ തങ്ങിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു

ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ജന്മദിന ചിത്രങ്ങള്‍

സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യരുടെ 95ആം ജന്മദിനത്തോടനുബന്ധിച്ച്‌ ഇന്ന്‌ എറണാകുളം താജ്‌ റസിഡന്‍സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൃഷ്‌ണയ്യര്‍ കേന്ദ്രനിയമന്ത്രി എം. വീരപ്പമൊയലിയെ പൊന്നാടയണിയിച്ചപ്പോള്‍. കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ എസ്‌.ആര്‍. ബന്നൂര്‍മഠ്‌ സമീപം.

സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യരുടെ 95ആം ജന്മദിനത്തോടനുബന്ധിച്ച്‌ ഇന്ന്‌ എറണാകുളം താജ്‌ റസിഡന്‍സി ഹോട്ടലില്‍ നടന്ന ചടങ്ങിനെത്തിയ കേന്ദ്ര നിയമമന്ത്രി എം. വീരപ്പമൊയ്‌ലി കൃഷ്‌ണയ്യരുമായി സംസാരിക്കുന്നു.

സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യരുടെ 95ആം ജന്മദിനത്തോടനുബന്ധിച്ച്‌ ഇന്ന്‌ എറണാകുളം താജ്‌ റസിഡന്‍സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നിയമന്ത്രി എം. വീരപ്പ മൊയ്‌ലി പ്രസംഗിക്കുന്നു. കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ എസ്‌.ആര്‍. ബന്നൂര്‍മഠ്‌, ജസ്റ്റീസ്‌ കൃഷ്‌ണയ്യര്‍ തുടങ്ങിയവര്‍ വേദിയില്‍.
-------------------------------------------------------------------------------------
സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ 95ആം ജന്മദിനമായ ഇന്നു രാവിലെ കൊച്ചിയില്‍ പ്രഭാതസവാരിക്കിടെ പ്രാവുകള്‍ക്ക്‌ തീറ്റനല്‍കുന്നു.























2009 നവംബർ 12, വ്യാഴാഴ്‌ച

ലയണ്‍സ്‌ ക്വസ്റ്റ്‌ അധ്യാപകപരിശീലന പരിപാടി ഇന്നുമുതല്‍

‍കൊച്ചി: ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ4ന്റെ ലയണ്‍സ്‌ ക്വസ്റ്റ്‌ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ത്രിദിന അധ്യാപക പരിശീലന പരിപാടി ഇന്ന്‌ കറുകുറ്റി സ്റ്റാര്‍ ജീസസ്‌ സ്‌കൂളില്‍ ആരംഭിക്കും. രാവിലെ രാവിലെ ഒമ്പതിന്‌ എറണാകുളം ക്രൈംബ്രാഞ്ച്‌ എസ്‌.പി പി.വിജയന്‍ ഉദ്‌ഘാടനം ചെയ്യും.

എറണാകുളം ഡയറ്റ്‌ പ്രിന്‍സിപ്പല്‍ സി.ബാബു, ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌, വൈസ്‌ ഗവര്‍ണര്‍ ടി.എ. വര്‍ക്കി, ലയണ്‍സ്‌ ക്വസ്റ്റ്‌ ചെയര്‍പേഴ്‌സണ്‍ പി.പി. പൗലോസ്‌, ജോണ്‍ കാച്ചപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുക്കും.

30 ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കുന്ന പരിപാടിയില്‍ ഡോ. വര്‍ഗീസ്‌ വൈദ്യന്‍ മോഡറേറ്ററായിരിക്കും. കുട്ടികളില്‍ നീതിബോധവും ധാര്‍മികതയും മറ്റും അന്യമായിരിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്‌ ലയണ്‍സ്‌ ക്ലബ്‌സ്‌ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ലയണ്‍സ്‌ ക്വസ്റ്റ്‌ ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി തുടക്കം കുറിച്ച മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസ പരിപാടിയായ ലയണ്‍സ്‌ ക്വസ്റ്റ്‌ 25 വര്‍ഷം പിന്നിടുകയാണ്‌.

കുട്ടികളുമായി അടുത്ത്‌ ഇടപഴകുവാനും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനും കഴിയുന്ന 60 അധ്യാപകര്‍ക്ക്‌ ഈ വര്‍ഷം പരിശീലനം നല്‍കുമെന്ന്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ പറഞ്ഞു. പരിശിലനം നേടുന്ന അധ്യാപകര്‍ സ്വന്തം സ്‌കൂളുകളില്‍ ആഴ്‌ച്ചയില്‍ രണ്ടുതവണയെങ്കിലും മൂല്യാധിഷ്‌ഠിത ജീവിതത്തെക്കുറിച്ച്‌ ക്ലാസെടുക്കും.

2009 നവംബർ 9, തിങ്കളാഴ്‌ച

ലയണ്‍സ്‌ ചെസ്‌: റിഫൈനറി സ്‌കൂളിന്‌ കിരീടം

ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ4 ന്റെ ആഭിമുഖ്യത്തില്‍ കടവന്ത്ര ലയണ്‍സ്‌ കമ്യൂണിറ്റി ഹാളില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീട നേടിയ കൊച്ചി റിഫൈനറി സ്‌കൂളിന്‌ കെ. രാമചന്ദ്രന്‍നായര്‍ ട്രോഫി സമ്മാനിക്കുന്നു.

കൊച്ചി: ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ4 ന്റെ ആഭിമുഖ്യത്തില്‍ കടവന്ത്ര ലയണ്‍സ്‌ കമ്യൂണിറ്റി ഹാളില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ കൊച്ചി റിഫൈനറി സ്‌കൂള്‍(163.5 പോയിന്റ്‌) ഓവറോള്‍ കിരീടം നേടി. ഇടപ്പള്ളി അമൃത സ്‌കൂളും(74.5) വാഴക്കാല നവനിര്‍മാണ്‍ പബ്ലിക്‌ സ്‌കൂളും(68) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിവിധ വിഭാഗങ്ങളില്‍ ആദ്യമൂന്നു സ്ഥാനങ്ങള്‍ നേടിയവര്‍
എല്‍.പി:
ഋഷികേശ്‌ എസ്‌.കിണി(എസ്‌.ഡി.പി.വൈ സ്‌കൂള്‍, പള്ളുരുത്തി), ഹില്‍മി പര്‍വീണ്‍(നിര്‍മല സ്‌കൂള്‍, ആലുവ), ഹര്‍ഷവര്‍ധനന്‍(നേവല്‍ പബ്ലിക്‌ സ്‌കൂള്‍).
യു.പി: എം.അര്‍ജിത്ത്‌(വിശ്വജ്യോതി അങ്കമാലി), അരവിന്ദ്‌ ആര്‍. നാഥ്‌(ഭാവന്‍സ്‌ ആദര്‍ശവിദ്യാലയ കാക്കനാട്‌),എം. അഭിജിത്ത്‌(വിശ്വജ്യോതി അങ്കമാലി).
ഹൈസ്‌ക്കൂള്‍: അരവിന്ദ്‌ പി. ആദര്‍ശ്‌(മോഡല്‍ ടെക്‌നിക്കള്‍ സ്‌കൂള്‍, കലൂര്‍), വിവേക്‌ ജോഷി, സുഹൈല്‍ റഷീദ്‌(ഇരുവരും നവനിര്‍മാണ്‍ സ്‌കൂള്‍).
ലിയോസ്‌: സ്റ്റീഫന്‍ തോമസ്‌(കൊച്ചിന്‍ ഗ്രേറ്റര്‍), കീര്‍ത്തി മരിയ ജോഷി(കൊച്ചിന്‍ ഈസ്റ്റ്‌), അര്‍ജുന്‍ ഘോഷ്‌(ഹൈടെക്‌).
ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ മുന്‍ ഗവര്‍ണര്‍ കെ. രാമചന്ദ്രന്‍നായര്‍ സമ്മാനദാനം നിര്‍വഹിച്ചു. എന്‍.സി.വി കുറുപ്പ്‌, കെ.വി. ആല്‍ഫ്രഡ്‌, എം.ഡി. ആന്റണി, ഗിരിധര്‍, അഡ്വ. പി.എം. ജോഷി, അഡ്വ. ജോണ്‍സണ്‍ മനയാനി എന്നിവര്‍ പ്രസംഗിച്ചു

--------------------

2009 നവംബർ 8, ഞായറാഴ്‌ച

കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ ബ്ലൂലാബ്‌സ്‌ ഡവലപ്‌മെന്റ്‌ സെന്റര്‍ തുറന്നു

ബ്ലൂലാബ്‌സ്‌ ടെക്‌നോളജി സൊല്യൂഷന്‍സ്‌ കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച ഡവലപ്‌മെന്റ്‌ സെന്ററിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ കൊച്ചി കുമ്പളം റമദ റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പേറ്റന്റ്‌സ്‌, ഡിസൈന്‍സ്‌ ആന്റ്‌ ട്രേഡ്‌മാര്‍ക്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ പി.എച്ച്‌. കുര്യന്‍ നിലവിളക്ക്‌ തെളിക്കുന്നു. ബ്ലൂലാബ്‌സ്‌ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ മാത്യൂസ്‌ ജോസ്‌, ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ മോബിന്‍ കോശി വര്‍ഗീസ്‌, കൊച്ചി ഇന്‍ഫോപാര്‍ക്ക്‌ സി.ഇ.ഒ സിദ്ധാര്‍ത്ഥ ഭട്ടാചാര്യ എന്നിവര്‍ സമീപം.
മാക്‌സ്‌ഐടി ബിസിനസ്‌ സ്‌കൂളിന്‌ തുടക്കം
കൊച്ചി: ഓസ്‌ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ടി. സര്‍വീസ്‌ പ്രൊവഡറായ ബ്ലൂലാബ്‌സ്‌ ടെക്‌നോളജി സൊല്യൂഷന്‍സിന്റെ കേരളത്തിലെ രണ്ടാമത്തെ ഡവലപ്‌മെന്റ്‌ സെന്റര്‍ തൃശൂര്‍ ജില്ലയിലെ കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ പേറ്റന്റ്‌സ്‌, ഡിസൈന്‍സ്‌ ആന്റ്‌ ട്രേഡ്‌മാര്‍ക്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ പി.എച്ച്‌. കുര്യന്‍ ശനിയാഴ്‌ച്ച(നവംബര്‍ 7) രാവിലെ ഉദ്‌ഘാടനം നിര്‍വഹിച്ചു.
ഇന്‍ഫോ പാര്‍ക്കിലെ ഗുല്‍മോഹര്‍ ബില്‍ഡിംഗില്‍ പരിസ്ഥിതിസൗഹൃദ ചുറ്റുപാടിലാണ്‌ 150 സീറ്റുകളുള്ള ബ്ലൂലാബ്‌സ്‌ ഡവലപ്‌മെന്റ്‌ സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്‌. ഹൈബാന്റ്‌ വിഡ്‌ത്ത്‌ ഇന്റര്‍നെറ്റ്‌ കണക്‌ടിവിറ്റി, മള്‍ട്ടിപ്പിള്‍ ബാക്‌ബോണ്‍ ലിങ്കുകള്‍, ഓരോ ഇടപാടുകാര്‍ക്കും പ്രത്യേകമായുള്ള വി.പി.എന്‍ കണക്‌ഷനുകള്‍, അതിനൂതനമായ ടെലി/വീഡിയോ കോണ്‍ഫറന്‍സിംഗ്‌ സംവിധാനം തുടങ്ങി കിടയറ്റ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ്‌ ഇവിടെയുള്ളത്‌.
പുതിയതായി നൂറുപേര്‍ക്കു കൂടി ജോലി നല്‍കാനും ഇരട്ടി വളര്‍ച്ച കൈവരിക്കാനുമാണ്‌ കൊരട്ടി ഡവലപ്‌മെന്റ്‌ സെന്ററിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന്‌ ബ്ലൂലാബ്‌സ്‌ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ മാത്യൂസ്‌ ജോസ്‌ പറഞ്ഞു. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ കൊച്ചി കുമ്പളം റമദ റിസോര്‍ട്ടില്‍ വൈകുന്നേരം നടന്ന ചടങ്ങില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക്‌ സി.ഇ.ഒ സിദ്ധാര്‍ത്ഥ ഭട്ടാചാര്യ ബ്ലൂലാബ്‌സിന്റെ ഐടി ഫിനിഷിംഗ്‌ സ്‌കൂളായ ബ്ലൂലാബ്‌സ്‌ മാക്‌സ്‌ഐടിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. പി.എച്ച്‌. കുര്യന്‍ മുഖ്യാതിഥിയായിരുന്നു. മാക്‌സ്‌ഐടി വെബ്‌സൈറ്റിന്റെ (www.bluelabsmaxit.com) ഉദ്‌ഘാടനവും ഇതോടനുബന്ധിച്ചു നടന്നു.
കമ്പനി സി.ഇ.ഒ മാത്യൂസ്‌ ജോസും ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ മോബിന്‍ കോശി വര്‍ഗീസും പ്രസംഗിച്ചു. ഓസ്‌ട്രേലിയ, ന്യുസിലാന്റ്‌, അയര്‍ലന്റ്‌, നെതര്‍ലാന്‍ഡ്‌സ്‌, ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഇടപാടുകാര്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യവസായ മേഖലയുട ആവശ്യത്തനുതകുന്ന വിധത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബിരുദധാരികളുടെ തൊഴില്‍ വൈദഗ്‌ധ്യം വര്‍ധിപ്പിക്കാനാണ്‌ മാക്‌സ്‌ഐടി ലക്ഷ്യമിടുന്നതെന്ന്‌ മോബിന്‍ കോശി വര്‍ഗീസ്‌ പറഞ്ഞു.
പിഎച്ച്‌പി, ഡോട്ട്‌നെറ്റ്‌, റൂബി ഓണ്‍ റെയില്‍സ്‌, സെര്‍ച്ച്‌ എന്‍ജിന്‍ ഒപ്‌റ്റിമൈസേഷന്‍ എന്നിവയില്‍ നാലു മാസത്തെ കോഴ്‌സാണ്‌ ബ്ലൂലാബ്‌സ്‌ മാക്‌സ്‌ഐടിയിലുള്ളത്‌. വിദഗ്‌ധരായ ഐടി കണ്‍സള്‍ട്ടന്റുമാരുടെ മേല്‍നോട്ടത്തിലാണ്‌ കോഴ്‌സുകള്‍ നടത്തുന്നത്‌.

2009 നവംബർ 7, ശനിയാഴ്‌ച

ലയണ്‍സ്‌ ഇന്റര്‍ സ്‌കൂള്‍ ചെസ്‌ തുടങ്ങി

കൊച്ചി: ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ4 ന്റെ ആഭിമുഖ്യത്തിലുള്ള ഇന്റര്‍ സ്‌കൂള്‍ ചെസ്‌ ചാമ്പ്യന്‍ഷിപ്പ്‌ കടവന്ത്ര ലയണ്‍സ്‌ കമ്യൂണിറ്റി ഹാളില്‍ തുടങ്ങി. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ പാസ്റ്റ്‌ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍ പേഴ്‌സണ്‍ കുര്യന്‍ ജോണ്‍ രണ്ടു ചാമ്പ്യന്‍ഷിപ്പ്‌ ഉദ്‌ഘാടനംചെയ്‌തു.
പ്രോജക്‌ട്‌ കോ ഓര്‍ഡിനേറ്റര്‍ വി. അമര്‍നാഥ്‌,ക്യാബിനറ്റ്‌ സെക്രട്ടറി എന്‍.സി.വി കുറുപ്പ്‌, ട്രഷറര്‍ ടി.എസ്‌. വിശ്വനാഥന്‍, അഡ്വ. ജോണ്‍സണ്‍ മനയാനി, ചാമ്പ്യന്‍ഷിപ്പ്‌ കോ ഓര്‍ഡിനേറ്റര്‍ കെ.വി. ആല്‍ഫ്രഡ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
എല്‍.പി. യു.പി, എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളില്‍ വിവിധ ഇനങ്ങളിലായി മുപ്പത്‌ കാഷ്‌ പ്രൈസുകള്‍ നല്‍കും.

2009 നവംബർ 5, വ്യാഴാഴ്‌ച

ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന്‌ ബി.ജെ.പി


കൊച്ചി: ഇടതു, വലതു മുന്നണികളുടെ തനിനിറം സംസ്ഥാനത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന്‌ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ പറഞ്ഞു. മൂന്നു മണ്ഡലങ്ങളിലും കാര്യക്ഷമമായി പ്രചാരണം നടത്തിയ ബി.ജെ.പി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തിന്‌ വിലകല്‍പ്പിക്കാത്ത സി.പി.എം എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം വെട്ടിപ്പിടിക്കാന്‍ പയറ്റുന്ന കുത്സിത മാര്‍ഗങ്ങളാണ്‌ ഇക്കുറി വെളിച്ചത്തു വന്നത്‌. വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തുകയും അതിനെ ചോദ്യംചെയ്യുന്നവരെ കയ്യൂക്കുകൊണ്ട്‌ നിശബ്‌ദരാക്കുകയുംചെയ്യുന്ന മാര്‍ക്‌സിസ്റ്റ്‌ ഗുണ്ടായിസത്തിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നുറപ്പാണ്‌-രാധാകൃഷ്‌ണന്‍ പറഞ്ഞു.

വര്‍ഷങ്ങളായി രാഷ്‌ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്നവരായിട്ടും കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ വാഗ്‌ദനങ്ങള്‍ വാരിവിതറി വോട്ടര്‍മാരെ സ്വാധീനിക്കന്‍ ശ്രമിച്ചത്‌ ബോധപൂര്‍വമായിരുന്നു എന്ന്‌ വ്യക്തം. രണ്ടു മുന്നണികളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന തിരിച്ചറിവില്‍ മൂന്നാമത്തെ മാര്‍ഗമായി ജനം കാണുന്നത്‌ ബി.ജെ.പിയെയാണ്‌. അതുകൊണ്ടുതന്നെ പാര്‍ട്ടി ശക്തമായ സാന്നിധ്യമറിയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്‌. ജനങ്ങളെ വിസ്‌മരിക്കുന്ന മുന്നണികള്‍ക്ക്‌ ഷോക്‌ ട്രീറ്റ്‌മെന്റ്‌ നല്‍കാന്‍ കണ്ണൂര്‍, ആലപ്പുഴ, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കണമെന്ന്‌ രാധാകൃഷ്‌ണന്‍ അഭ്യര്‍ത്ഥിച്ചു.
------------------

2009 നവംബർ 4, ബുധനാഴ്‌ച

ലയണ്‍സ്‌ ഇന്റര്‍ സ്‌കൂള്‍ ചെസ്‌

കൊച്ചി: ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ4 ന്റെ ആഭിമുഖ്യത്തിലുള്ള ഇന്റര്‍ സ്‌കൂള്‍ ചെസ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഏഴ്‌, എട്ട്‌ തീയതികളില്‍ കടവന്ത്ര ലയണ്‍സ്‌ കമ്യൂണിറ്റി ഹാളില്‍ നടക്കും. ഏഴിനു രാവിലെ 9.30ന്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഉദ്‌ഘാടനം ചെയ്യും.

എല്‍.പി. യു.പി, എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ വിവിധ ഇനങ്ങളിലായി മുപ്പത്‌ കാഷ്‌ പ്രൈസുകള്‍ നല്‍കും. നാളെ വൈകുന്നേരം അഞ്ചുവരെ ഫീസടച്ച്‌ പേര്‌ രജിസ്റ്റര്‍ ചെയ്യാം. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ സ്‌കൂളിലെ ഐഡന്റിറ്റി കാര്‍ഡോ ഹെഡ്‌മാസ്റ്ററുടെ സാക്ഷ്യപത്രമോ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കെ.വി. ആല്‍ഫ്രഡുമായി(ഫോണ്‍: 9895312986, 9809772034) ബന്ധപ്പെടണം.

---------------------

2009 ഒക്‌ടോബർ 31, ശനിയാഴ്‌ച

ഇസ്ലാമിക് ബാങ്ക് വിജ്ഞാപനം പെരുമാറ്റച്ചട്ട ലംഘനമെന്ന് ബി.ജെ.പി

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കും
കൊച്ചി: സംസ്ഥാനത്ത്‌ ശരിഅത്ത്‌ അധിഷ്‌ഠിത ഇസ്‌ലാമിക്‌ ബാങ്ക്‌ തുടങ്ങുന്നതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ആരോപിച്ചു.

ഈ മാസം നാലാം തീയതിയാണ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്‌. ഇസ്ലാമിക്‌ ബാങ്കുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങിയത്‌ 14ാം തീയതിയും. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബയോഗങ്ങളിലും മറ്റും എല്‍.ഡി.എഫ്‌ മന്ത്രിമാരും നേതാക്കളും വിജ്ഞാപനത്തിന്റെ പകര്‍പ്പു കാട്ടി മുസ്‌ലിം വോട്ടര്‍മാരെ സ്വാധീനിക്കന്‍ ശ്രമിക്കുന്നുണ്ട്‌. പെരുമാറ്റച്ചട്ട ലംഘനത്തിന്‌ സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കുമെന്ന്‌ രാധാകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശരീഅത്ത്‌ നിയമമനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബാങ്കിനെ രാജ്യത്തെ പൊതുവായ ബാങ്കിംഗ്‌ നടപടിക്രമങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ല. റിസര്‍വ്‌ ബാങ്ക്‌ നിയോഗിച്ച ഒരു പഠനഗ്രൂപ്പ്‌ ഇസ്ലാമിക്‌ ബാങ്കിംഗ്‌ പ്രായോഗികവും ഫലപ്രദവുമല്ലെന്ന്‌ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത്‌ ആദ്യമായി കേരളത്തില്‍ തുടങ്ങുന്ന ഇസ്‌ലാമിക്‌ ബാങ്കില്‍ കെ.എസ്‌.ഐ.ഡി.സിക്ക്‌ പതിനൊന്നു ശതമാനം ഓഹരി പങ്കാളിത്തമാണ്‌ ഉദ്ദേശിക്കുന്നത്‌. കെ.എസ്‌.ഐ.ഡി.സി ഈ സംരംഭത്തില്‍ പങ്കുചേരുന്നത്‌ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കും.

ഇത്തരമൊരു പദ്ധതിയുമായി സഹകരിച്ച്‌ മുന്നോട്ടുപോകുന്നപക്ഷം കെ.എസ്‌.ഐ.ഡി.സിയുടെ എല്ലാ വായ്‌പ്പാ ഇടപാടുകളും പലിശരഹിതമാക്കാന്‍ തയാറാകണം. മന്ത്രിമാരായ എളമരം കരീമിന്റെയും തോമസ്‌ ഐസക്കിന്റെയും നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ്‌ പദ്ധതിയില്‍ സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പാക്കിയത്‌-രാധാകൃഷ്‌ണന്‍ ആരോപിച്ചു.
----------------

2009 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

രാഷ്ട്രീയ നേതാക്കള്‍ക്ക് സദ്ബുദ്ധി തോന്നാന്‍ കൂട്ടപ്രാര്‍ത്ഥന ഇന്ന്

മീഡിയഹബ് ന്യൂസ് സര്‍വീസ്
കൊച്ചി: ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സ്ദബുദ്ധിയുണ്ടാകുന്നതിനായി എറണാകുളം മാക്കപ്പറന്പ് നിവാസികള്‍ ഇന്ന് വൈകിട്ട്‌ ജില്ലാ കലക്‌ടറുടെ ക്യാമ്പ്‌ ഓഫീസിനു സമീപം നേതാക്കളുടെ ചിത്രത്തില്‍ മാലയിട്ട്‌ കൂട്ടപ്രാര്‍ത്ഥന നടത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസവഞ്ചനയില്‍ പ്രതിഷേധിച്ച് ഉപതരെഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിനു മുന്നോടിയായാണിത്.

മാക്കപ്പറന്പില്‍നിന്ന് മെഴുകുതിരികള്‍ കത്തിച്ച് റാലിയായാണ് നാട്ടുകാര്‍ ക്യാന്പ് ഓഫീസ് പരിസരത്തെത്തുക. പ്രധാനമന്ത്രി മുതല്‍ എറണാകുളം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍വരെയുള്ള വിവിധ നേതാക്കളുടെ ചിത്രങ്ങള്‍വെച്ചായിരിക്കും പ്രാര്‍ത്ഥന നടത്തുകയെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ ബെന്നി ജോസഫ് അറിയിച്ചു. പരിപാടി സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും.

പുതുക്കലവട്ടം ലൂര്‍ദ്‌മാതാ പള്ളിക്ക്‌ പിന്നില്‍ കായലിനും റെയില്‍ ലൈനിനും നടുവിലുള്ള മാക്കപ്പറന്പ് തുരുത്തിലേക്ക് റെയില്‍ ലൈനിനടിയിലൂടെ സബ്‌വേ നിര്‍മിക്കാന്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത്.

സെപ്‌റ്റംബര്‍ ആറിനുമുമ്പ്‌ ഇരു മുന്നണിസ്ഥാനാര്‍ത്ഥികളും നേതാക്കളും ഇവിടെയെത്തി സബ്‌വേയുടെ കാര്യത്തില്‍ ഉറപ്പുനല്‍കാത്തപക്ഷം ഏഴാം തീയതി പോളിംഗ്‌ബൂത്തിലെത്തി, വിരലില്‍ മഷിപുരട്ടിയശേഷം വോട്ട്‌ ബഹിഷ്‌കരണം അറിയിച്ച്‌ മടങ്ങുമെന്ന്‌ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നേരത്തെ അറിയിച്ചിരുന്നു.
185 കുടുംബങ്ങളിലായി 895 വോട്ടര്‍മാരാണ്‌ മാക്കപ്പറമ്പിലുള്ളത്‌.

പ്രക്ഷോഭത്തിന്റെ ഭാഗമായി ഇവിടുത്തുകാര്‍ നിലവില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെല്‍മിനലിലേക്കുള്ള റെയില്‍ ലൈനിന്റെ നിര്‍മാണം തടഞ്ഞിരിക്കുകയാണ്‌. വാഹനങ്ങള്‍ വന്നുപോകുന്നതിന്‌ ഉപകരിക്കത്തക്കരീതിയില്‍ സബ്‌വേ നിര്‍മിക്കാന്‍ വിവിധ ഘട്ടങ്ങളിലായി എംപിമാരുടെയും എംഎല്‍എമാരുടെയും ഫണ്ടില്‍നിന്ന്‌ 59 ലക്ഷം രൂപ റെയില്‍വേക്ക്‌ അടച്ചിട്ടുണ്ട്‌.

ഏറ്റവുമൊടുവില്‍ സബ്‌വേ നിര്‍മാണത്തിനുവേണ്ടി ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ സമര്‍പ്പിക്കപ്പെട്ട ഏക അപേക്ഷയില്‍ രണ്ടുകോടി 38 ലക്ഷം രൂപയാണ്‌ ചെലവ്‌ കണക്കാക്കിയിരിക്കുന്നത്‌. ഫണ്ടില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയാല്‍ സബ്‌വേ നിര്‍മിക്കാന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ തയാറാണ്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട്‌ വ്യക്തമാക്കിയിട്ടില്ല.

മുന്നണികള്‍ നിലപാട്‌ വ്യക്തമാക്കിയില്ലെങ്കില്‍ വോട്ട്‌ ബഹിഷ്‌കരിച്ചശേഷം ബൂത്തിന്‌ വെളിയിലെത്തി ഇവിടുത്തെ 200 പേര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മൊബൈല്‍ ബ്ലഡ്‌ബാങ്കില്‍ രക്തദാനം നടത്തും.

വൈകുന്നേം അഞ്ചിന്‌ പത്തു വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട്‌ മാക്കപ്പറമ്പില്‍ പതിച്ചിട്ടുള്ള എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പോസ്റ്ററുകള്‍ വലിച്ചുകീറും. തുടര്‍ന്ന്‌ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്ന സ്ഥലത്ത്‌ ആറുപതു വയസ്സിനു മുകളിലുള്ള സ്‌ത്രീകള്‍ ചാണകവെള്ളം തളിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ എന്‍.എം. ജോര്‍ജ്‌ പറഞ്ഞു.

സെക്രട്ടരിമാരുടെ കാലാവധി-പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കമെന്ന് കോടിയേരി

കൊച്ചി: പാര്‍ട്ടി സെക്രട്ടറിമാരുടെ കാലാവധി നിജപ്പെടുത്താനുള്ള നീക്കം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍പറഞ്ഞു. കാലാവധി സംബന്ധിച്ച് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി ഭാരവാഹികളുടെ കാലാവധി ഒന്പതു വര്‍ഷമായി നിജപ്പെടുത്താന്‍ സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഫോട്ടോ-ആര്‍ച്ച്ബിഷപ്പ് ഡോ. ഡാനിയല്‍ അച്ചാരുപറന്പില്‍


ഇന്ന് അന്തരിച്ച കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെ.സി.ബി.സി) പ്രസിഡന്‍റും വരാപ്പുഴ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയുമായ ഡോ. ഡാനിയല്‍ അച്ചാരുപന്പില്‍.

2009 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

മാക്കപ്പറമ്പ്‌ നിവാസികള്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കും

മീഡിയഹബ് ന്യൂസ് സര്‍വീസ്
കൊച്ചി: ഒന്നരപ്പതിറ്റാണ്ടുകാലം രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ വാഗ്‌ദാനങ്ങളില്‍ വിശ്വസിച്ച്‌ വഞ്ചിതരായ മാക്കപ്പറമ്പ്‌ നിവാസികള്‍ എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കും.

പുതുക്കലവട്ടം ലൂര്‍ദ്‌മാതാ പള്ളിക്ക്‌ പിന്നില്‍ കായലിനും റെയില്‍ ലൈനിനും നടുവിലുള്ള ഈ തരുത്തിലേക്ക്‌ റെയില്‍ ലൈനിനടിയിലൂടെ സബ്‌വേ നിര്‍മിക്കാന്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണിത്‌. സെപ്‌റ്റംബര്‍ ആറിനുമുമ്പ്‌ ഇരു മുന്നണിസ്ഥാനാര്‍ത്ഥികളും നേതാക്കളും ഇവിടെയെത്തി സബ്‌വേയുടെ കാര്യത്തില്‍ ഉറപ്പുനല്‍കാത്തപക്ഷം ഏഴാം തീയതി പോളിംഗ്‌ബൂത്തിലെത്തി, വിരലില്‍ മഷിപുരട്ടിയശേഷം വോട്ട്‌ ബഹിഷ്‌കരണം അറിയിച്ച്‌ മടങ്ങുമെന്ന്‌ മാക്കപ്പറമ്പ്‌ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ എന്‍.എം. ജോര്‍ജ്‌ ജനറല്‍ കണ്‍വീനര്‍ ബെന്നി ജോസഫ്‌, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ്‌ കുമാര്‍ എന്നിവര്‍ അറിയിച്ചു.

185 കുടുംബങ്ങളിലായി 895 വോട്ടര്‍മാരാണ്‌ മാക്കപ്പറമ്പിലുള്ളത്‌. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇവിടുത്തുകാര്‍ നിലവില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെല്‍മിനലിലേക്കുള്ള റെയില്‍ ലൈനിന്റെ നിര്‍മാണം തടഞ്ഞിരിക്കുകയാണ്‌. വാഹനങ്ങള്‍ വന്നുപോകുന്നതിന്‌ ഉപകരിക്കത്തക്കരീതിയില്‍ സബ്‌വേ നിര്‍മിക്കാന്‍ വിവിധ ഘട്ടങ്ങളിലായി എംപിമാരുടെയും എംഎല്‍എമാരുടെയും ഫണ്ടില്‍നിന്ന്‌ 59 ലക്ഷം രൂപ റെയില്‍വേക്ക്‌ അടച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ സബ്‌വേ നിര്‍മാണത്തിനുവേണ്ടി ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ സമര്‍പ്പിക്കപ്പെട്ട ഏക അപേക്ഷയില്‍ രണ്ടുകോടി 38 ലക്ഷം രൂപയാണ്‌ ചെലവ്‌ കണക്കാക്കിയിരിക്കുന്നത്‌.

ഫണ്ടില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയാല്‍ സബ്‌വേ നിര്‍മിക്കാന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ തയാറാണ്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട്‌ വ്യക്തമാക്കിയിട്ടില്ല.മുന്നണികള്‍ നിലപാട്‌ വ്യക്തമാക്കിയില്ലെങ്കില്‍ വോട്ട്‌ ബഹിഷ്‌കരിച്ചശേഷം ബൂത്തിന്‌ വെളിയിലെത്തി ഇവിടുത്തെ 200 പേര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മൊബൈല്‍ ബ്ലഡ്‌ബാങ്കില്‍ രക്തദാനം നടത്തും. വൈകുന്നേം അഞ്ചിന്‌ പത്തു വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട്‌ മാക്കപ്പറമ്പില്‍ പതിച്ചിട്ടുള്ള എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പോസ്റ്ററുകള്‍ വലിച്ചുകീറും. തുടര്‍ന്ന്‌ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്ന സ്ഥലത്ത്‌ ആറുപതു വയസ്സിനു മുകളിലുള്ള സ്‌ത്രീകള്‍ ചാണകവെള്ളം തളിക്കും.

ഇതിനു മുന്നോടിയായി ഈ മാസം 30ന്‌ വൈകിട്ട്‌ എറണാകുളത്ത്‌ ജില്ലാ കലക്‌ടറുടെ ക്യാമ്പ്‌ ഓഫീസിനു സമീപം രാഷ്‌ട്രീയ നേതാക്കന്മാരുടെ ചിത്രത്തില്‍ മാലയിട്ട്‌ അവര്‍ക്ക്‌ സദ്‌ബുദ്ധിയുണ്ടാകുന്നതിനായി പ്രാര്‍ത്ഥനയും നടത്തുമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

ലൂര്‍ദ്ദ്‌മാതാ പള്ളിവികാരി ഫാ. മാര്‍ട്ടിന്‍ അളിയത്ത്‌, റോട്ടറി ക്ലബ്‌ പ്രതിനിധി രഞ്‌ജിനി മേനോന്‍, സേവ്‌ കേരളാ മൂവ്‌മെന്റ്‌ പ്രസിഡന്റ്‌ അഡ്വ. പി.ആര്‍. പത്മനാഭന്‍ തുടങ്ങി 26 പേര്‍ ഉള്‍പ്പെട്ടതാണ്‌ ആക്‌ഷന്‍ കൗണ്‍സില്‍. റസിഡന്റ്‌സ്‌ അസോസിയേഷന്‍സ്‌ അപ്പക്‌സ്‌ കൗണ്‍സില്‍ എറണാകുളം (ഞഅഇഋ), റെഡ്‌ അലേര്‍ട്ട്‌, ഫിയസ്റ്റ ജസ്റ്റീഷ്യ, സേവ്‌ കേരളാ മൂവ്‌മെന്റ്‌ തുടങ്ങി വിവിധ സംഘടനകള്‍ പ്രതിഷേധത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

2009 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

യു.എന്‍ ദിനാഘോഷം


കൊച്ചി:ലയണ്‍സ് ഡിസ്ട്രിക്ട് 324 ഇ 4ന്‍റെ ആഭിമുഖ്യത്തിലുള്ള യു.എന്‍. ദിനാഘോഷം ഒക്ടോബര്‍ 24 ശനിയാഴ്ച്ച വൈകിട്ട് 7.30ന് ഗാന്ധിനഗര്‍ ലയണ്‍സ് കമ്യൂണിറ്റി ഹാളില്‍ നടക്കും. കാലടി സംസ്കൃത സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.


ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ റോയ് വര്‍ഗീസ് അധ്യക്ഷത വഹിക്കും വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ബിനോയ് മത്തായി, ടി.എ. വര്‍ക്കി, സി.വി. നടേശന്‍, കെ. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച

വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷം 15ന്‌

വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷം 15ന്‌ കൊച്ചി: ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ-4ന്റെയും കേരള ഫെഡറേഷന്‍ ഓഫ്‌ ദ ബ്ലൈന്‍ഡി(കെ.എഫ്‌.ബി)ന്റെയും സംയുക്താഭിമുഖ്യത്തില്‍ രാജ്യാന്തര വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷം ഒക്‌ടോബര്‍ 15 ന്‌ കൊച്ചിയില്‍ നടക്കും. അന്ധരായ ഇരുന്നൂറോളംപേരും ലയണ്‍സ്‌ ക്ലബ്‌ അംഗങ്ങളും പങ്കെടുക്കുന്ന റാലി രാവിലെ 11ന്‌ ഹൈക്കോടതി ജംഗ്‌ഷനില്‍ കോര്‍പ്പറേഷന്‍ മേയര്‍ പ്രഫ. മേഴ്‌സി വില്യംസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. ഡെപ്യൂട്ടി മേയര്‍ സി.കെ. മണിശങ്കര്‍ പ്രസംഗിക്കും.

റാലി ടൗണ്‍ഹാളില്‍ സമാപിക്കും. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ അന്ധര്‍ക്കുവേണ്ടി ലയണ്‍സ്‌ ക്ലബ്‌ ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ഫാക്‌ട്‌ സി.എം.ഡി ജോര്‍ജ്‌ സ്ലീബാ നിര്‍വഹിക്കും.ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ അധ്യക്ഷത വഹിക്കും.

എറണാകുളം ഡി.എം.ഒ ഡോ. കെ.ടി. രമണി, ലയണ്‍സ്‌ വൈസ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍മാരായ ഡോ. ബിനോയ്‌ മത്തായി, ടി.എ. വര്‍ക്കി, കെ.എഫ്‌.ബി സംസ്ഥാന സെക്രട്ടറി രാജു ജോര്‍ജ്‌, എറണാകുളം യൂണിറ്റ്‌ പ്രസിഡന്റ്‌ കെ.ജെ. വര്‍ഗീസ്‌, ലയണ്‍സ്‌ സെക്‌ടര്‍ കോ ഓര്‍ഡിനേറ്റര്‍ എല്‍.ആര്‍.ആര്‍, വാര്യര്‍ എന്നിവര്‍ പ്രസംഗിക്കും.

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ജനങ്ങളെ വഞ്ചിച്ചു-രാധാകൃഷ്ണന്‍

ആസിയാന്‍ കരാറിനെതിരെ ബി.ജെ.പി. വൈപ്പിന്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ മാര്‍ച്ച്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യുന്നു. കെ.ടി. ബിനീഷ്‌, പി.എസ്‌. ഷമ്മി, ടി.ജി. സുരേന്ദ്രന്‍, കെ.എസ്‌. സുരേഷ്‌, സ്റ്റീഫന്‍ റോഡ്രിഗ്‌സ്‌, കെ.കെ. വേലായുധന്‍, വി.ബി. സാബു തുടങ്ങിയവര്‍ സമീപം.

വൈപ്പിന്‍: ആസിയാന്‍ കരാറിനെ പിന്തുണക്കുക വഴി കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇവിടുത്തെ കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗത്തെ വഞ്ചിച്ചിരിക്കുകയാണെന്ന്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ആരോപിച്ചു. വ്യവസ്ഥകള്‍ വെളിപ്പെടുത്തുകയോ മതിയായ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെ കരാറില്‍ ഒപ്പുവെച്ച കേന്ദ്രസര്‍ക്കാര്‍ മറ്റു പല രാജ്യങ്ങളുടെയും കുത്തക മുതലാളിമാരുടെയും താല്‍പര്യങ്ങള്‍ക്ക്‌ വഴങ്ങുകയായിരുന്നെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആസിയാന്‍ കരാറിനെതിരെ ബി.ജെ.പി. വൈപ്പിന്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വൈപ്പിന്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരാറിനെക്കുറിച്ച്‌ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടത്തണമെന്ന ബി.ജെ.പിയുടെ ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. ഏറെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ട കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിച്ചാണ്‌ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌. കേരളത്തിലെ നാളികേരകൃഷിയും മത്സ്യമേഖലയും പ്രതിസന്ധിയുടെ നിഴലിലായിക്കഴിഞ്ഞു. പട്ടിണിയോടു പടവെട്ടുന്ന മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ പല സമീപനങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്‌.

മത്സ്യബന്ധനത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കമാണ്‌ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇക്കാര്യത്തിലും മതിയായ പഠനമോ വിലയിരുത്തലോ അഭിപ്രായരൂപീകരണമോ നടത്തിയിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌-രാധാകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.

ചെങ്ങറയില്‍ സമരം ചെയ്‌തിരുന്ന ബഹുഭൂരിപക്ഷംപേരും ഒരു സെന്റു ഭൂമിപോലും ഇല്ലാത്തവരാണെന്ന വസ്‌തുത ഏറെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്‌. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി മാറിക്കൊണ്ടിരിക്കെ സ്വന്തമായി ഭൂമിയോ സ്ഥിര വരുമാനമാര്‍ഗമോ ഇല്ലാതെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ്‌ ആസിയാന്‍ കരാര്‍പോലെയുള്ള സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടികളുടെ ഇരകളാകുന്നത്‌-അദ്ദേഹം പറഞ്ഞു.

വൈപ്പിന്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ പി.എസ്‌. ഷമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ.എസ്‌. ബാബു, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. ബിനീഷ്‌, വൈസ്‌ പ്രസിഡന്റുമാരായ സി.ജി. സുരേന്ദ്രന്‍, കെ.കെ. വേലായുധന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌. സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.പി.എസ്‌. ഷമ്മിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്‌ച്ച മുനമ്പത്ത്‌ ആരംഭിച്ച വാഹനജാഥ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ മാര്‍ച്ചോടെ സമാപിച്ചു. ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ അഡ്വ. പി.ജെ. തോമസ്‌ ജാഥ ഉദ്‌ഘാടനം ചെയ്‌തു.


തേക്കടി ബോട്ടപകടം: ജനപക്ഷം വിദഗ്‌ധാന്വേഷണത്തിന്‌

അറസ്റ്റിലായ ഡ്രൈവര്‍ക്ക്‌ നിയമസഹായം നല്‍കും
കൊച്ചി: തേക്കടി ബോട്ട്‌ ദുരന്തത്തെക്കുറിച്ച്‌ വിദഗ്‌ധര്‍ ഉള്‍പ്പെടുന്ന സമിതിയെക്കൊണ്ട്‌ അന്വേഷണം നടത്തിച്ച്‌ പത്തു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ്‌ ജസ്റ്റീസിനും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന്‌ ജനപക്ഷം രക്ഷാധികാരി ഗായകന്‍ കെ.ജെ. യേശുദാസ്‌ അറിയിച്ചു.
ബോട്ടപകടത്തിന്റെ കാരണമെന്തെന്ന്‌ ഇനിയും സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക്‌ സാധിക്കാത്ത സാഹചര്യത്തിലാണ്‌ സംഘടന അന്വേഷണത്തിന്‌ മുന്‍കൈ എടുക്കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയില്‍നിന്ന്‌ വിരമിച്ച രണ്ട്‌ ജഡ്‌ജിമാരും രണ്ട്‌ ഷിപ്പ്‌ എന്‍ജീനിയര്‍മാരും സേഫ്‌റ്റി ഇന്‍സ്‌പെട്‌കര്‍മാരും അന്വേഷണ സംഘത്തിലുണ്ടാകും. അപകടത്തില്‍പെട്ട ജലകന്യക എന്ന ബോട്ട്‌ വാങ്ങുന്നതിന്‌ കെ.ടി.ടി.സി. നടത്തിയ സാമ്പത്തിക ഇടപാടുകള്‍, ബോട്ട്‌ നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവ സംഘം പരിശോധിക്കും. ഇതിനായി വിവരാവകാശ നിയമത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന്‌ ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫ്‌ അറിയിച്ചു.
കുമരകം ബോട്ടപകടം അന്വേഷിച്ച ജസ്റ്റീസ്‌ കെ. നാരായണക്കുറുപ്പ്‌ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാതെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ക്കെല്ലാം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്‌ വിഫലമാണ്‌. ബോട്ട്‌ ഡ്രൈവര്‍ വിക്‌ടര്‍ മാനുവലിനെ മാത്രം ബലിയാടാക്കി യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നത്‌ അംഗീകരിക്കാനാവില്ല. ഡ്രൈവര്‍ക്ക്‌ ജനപക്ഷം ആവശ്യമായ നിയമസഹായം നല്‍കും. വിക്‌ടറിന്റെ അനുജനുമായി സംഘടനയുടെ പ്രതിനിധികള്‍ ബന്ധപ്പെട്ടിട്ടുണ്ട്‌- യേശുദാസ്‌ പറഞ്ഞു.

2009 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

അന്ധരുടെ ആത്മവിശ്വാസം വിളിച്ചോതി വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷം

കൊച്ചി: വൈകല്യത്തെ മനസ്സാന്നിധ്യംകൊണ്ട്‌ തോല്‍പ്പിച്ചവര്‍ ഒത്തുചേര്‍ന്ന രാജ്യാന്തര വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷം നഗരത്തിന്‌ വേറിട്ട അനുഭവമായി. ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ-4ഉം കേരള ഫെഡറേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡ്‌ (കെ.എഫ്‌.ബി) എറണാകുളം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആഘോഷത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഇരുന്നൂറോളം അന്ധരാണ്‌ പങ്കെടുത്തത്‌.



രാവിലെ എറണാകുളം ഹൈക്കോടതി ജംഗ്‌ഷനില്‍ മേയര്‍ പ്രഫ. മേഴ്‌സി വില്യംസ്‌ റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. കെ.എഫ്‌.ബി ജില്ലാ പ്രസിഡന്റ്‌ കെ.ജെ. വര്‍ഗീസിന്‌ കെ.ബാബു എം.എല്‍.എ വൈറ്റ്‌ കെയ്‌ന്‍ കൈമാറി. ഡെപ്യൂട്ടി മേയര്‍ സി.കെ. മണിശങ്കര്‍ ആശംസകളര്‍പ്പിച്ചു.വര്‍ണബലുണുകളും അന്ധരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്ന പ്ലക്കാര്‍ഡുകളും വൈറ്റ്‌ കെയ്‌നുകളുമായി ഫെഡറേഷന്റെയും ലയണ്‍സ്‌ ക്ലബിന്റെയും അംഗങ്ങള്‍ അണിനിരന്ന റാലിക്ക്‌ ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ നേതൃത്വം നല്‍കി.

രാജ്യാന്തര വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷണത്തോടനുബന്ധിച്ച്‌ കൊച്ചിയില്‍ ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ-4ഉം കേരള ഫെഡറേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡ്‌ (കെ.എഫ്‌.ബി) എറണാകുളം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റാലി കോര്‍പ്പറേഷന്‍ മേയര്‍ പ്രഫ. മേഴ്‌സി വില്യംസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്നു. ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌, കെ. ബാബു എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ സി.കെ. മണിശങ്കര്‍ എന്നിവര്‍ സമീപം.


തുടര്‍ന്ന്‌ ടൗണ്‍ഹാളില്‍ ചേര്‍ന്ന പൊതു സമ്മേളനം പി.രാജീവ്‌ എം.പി ഉദ്‌ഘാടനം ചെയ്‌തു. ശാരീരിക പരമിതികളെ അതിജീവിക്കുന്നുണ്ടെങ്കിലും അന്ധര്‍ക്ക്‌ സമൂഹം അര്‍ഹിക്കുന്ന പിന്തുണ നല്‍കുന്നില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. റെയില്‍വേയില്‍ വികലാംഗരുടെ അയ്യായിരത്തോളം ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന്‌ റെയില്‍വേ ബജറ്റ്‌ അവതരണ വേളയില്‍ പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യത്തിനായി തുടര്‍ന്നും സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.സമൂഹത്തിന്‌ എന്തെങ്കിലും തിരിച്ചു നല്‍കുന്ന സമീപനം കുറഞ്ഞുവരുന്ന കാലത്ത്‌ ലയണ്‍സ്‌ ക്ലബ്‌ അന്ധര്‍ക്കുവേണ്ടി ചെയ്യുന്ന സേവനം മഹത്തരമാണെന്ന്‌ രാജീവ്‌ വിലയിരുത്തി.



അന്ധരുടെ സഞ്ചാരസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതു സംബന്ധിച്ചും അവരുടെ ആവശ്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുമുള്ള അവസരമാണ്‌ വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷമെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ പറഞ്ഞു.അന്ധര്‍ക്കുവേണ്ടി ലയണ്‍സ്‌ ക്ലബ്‌ നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്‌ഘാടനം കേരള റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ ടി.കെ. ജോസ്‌ നിര്‍വഹിച്ചു.



നേത്രദാന ബോധവത്‌കരണ പോസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. രമണിക്ക്‌ നല്‍കി സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ പ്രകാശനംചെയ്‌തു. പതിനഞ്ചു വര്‍ഷം മുമ്പ്‌ മരണക്കിടക്കയിലായിരുന്ന അച്ഛന്റെ മനസ്സറിഞ്ഞ്‌ അദ്ദേഹത്തിന്റെ കണ്ണുകള്‍ രണ്ടുപേര്‍ക്കായി ദാനം ചെയ്‌തിനെക്കുറിച്ച്‌ മോഹനവര്‍മ വിവരിച്ചു.



കെ. എഫ്‌. ബി സംസ്ഥാന സെക്രട്ടറി രാജു ജോര്‍ജ്‌, ജില്ലാ പ്രസിഡന്റ്‌ കെ.ജെ. വര്‍ഗീസ്‌, സെക്രട്ടറി കെ.ആര്‍. ഔസേപ്പ്‌, ലയണ്‍സ്‌ വൈസ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍മാരായ ഡോ. ബിനോയ്‌ മത്തായി, ടി.എ. വര്‍ക്കി, ജനറല്‍ കണ്‍വീനര്‍ എല്‍.ആര്‍.എര്‍ വാര്യര്‍, മുന്‍ ഗവര്‍ണര്‍മാരായ ദാസ്‌ മങ്കിടി, പി.എം.ഈപ്പന്‍,. രാമചന്ദ്രന്‍നായര്‍, ഡിസ്‌ട്രിക്‌ട്‌ കാബിനറ്റ്‌ സെക്രട്ടറി എന്‍.സി.വി. കുറുപ്പ്‌, ട്രഷറര്‍ വിശ്വനാഥന്‍, പ്രോജക്‌ട്‌ കോ ഓര്‍ഡിനേറ്റര്‍ അമര്‍നാഥ്‌, സെക്‌ടര്‍ കോ ഓര്‍ഡിനേറ്റര്‍ കെ.എ. മത്തായി, ലയണസ്‌ പ്രസിഡന്റ്‌ സുധാ ശിവാനന്ദന്‍, റാണി റോയ്‌, ലയണസ്‌ ലിയോ കൗണ്‍സില്‍ പ്രസിഡന്റ്‌ നീനു ആന്റണി, എന്നിവര്‍ പങ്കെടുത്തു.

2009 ഒക്‌ടോബർ 3, ശനിയാഴ്‌ച

റോഡ്സുരക്ഷാബോധവത്കരണം വ്യാപകമാക്കണം-മന്ത്രി

ലയണ്‍സ്‌ ക്ലബ്‌സ്‌ ഇന്റര്‍നാഷല്‍ ഡിസ്‌ട്രിക്‌റ്റ്‌ 324 ഇ-4ന്റെ ആഭിമുഖ്യത്തില്‍ മൂന്നു ജില്ലകളില്‍ നടത്തുന്ന റോഡ്‌ സുരക്ഷാ മാസാചരണം തൊടുപുഴ ലയണ്‍സ്‌ ഹാളില്‍ മന്ത്രി പി.ജെ. ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ജോസ്‌ താണപ്പനാല്‍, കെ.വി.മത്തായി, റോയ്‌ വര്‍ഗീസ്‌, ഡോ. ബിനോയ്‌ മത്തായി, സി.എസ്‌ ഡേവിഡ്‌, പി.കൃഷ്‌ണകുമാര്‍, ഷാജി മണക്കാട്ട്‌ എന്നിവര്‍ സമീപം.

തൊടുപുഴ: കേരളത്തിലെ പരിമിതമായ ഗതാഗത സൗകര്യങ്ങളില്‍ റോഡ്‌ സുരക്ഷ സംബന്ധിച്ച ബോധവത്‌കരണം വ്യാപകമാക്കേണ്ടതുണ്ടെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി.ജെ. ജോസഫ്‌ പറഞ്ഞു. ലയണ്‍സ്‌ ക്ലബും മറ്റു സംഘടനകളും മാധ്യമസ്ഥാപനങ്ങളും വിദ്യാര്‍ഥികളുമൊക്കെ ഈ മേഖലയില്‍ ചെയ്‌തുവരുന്ന സേവനങ്ങള്‍ സ്‌തുത്യര്‍ഹമാണെന്ന്‌ അദ്ദേഹം വിലയിരുത്തി. തൊടുപുഴ ലയണ്‍സ്‌ ഹാളില്‍ }ലയണ്‍സ്‌ ക്ലബ്‌സ്‌ ഇന്റര്‍നാഷല്‍ ഡിസ്‌ട്രിക്‌റ്റ്‌ 324 ഇ-4ന്റെ ആഭിമുഖ്യത്തില്‍ മൂന്നു ജില്ലകളില്‍ നടത്തുന്ന റോഡ്‌ സുരക്ഷാ മാസാചരണം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഒരു ദിവസം ശരാശരി ഏഴു പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. അപകടവാര്‍ത്തകളില്ലാത്ത ഒരു ദിവസം പോലുമില്ല. അപകടങ്ങള്‍ കുറയ്‌ക്കുന്നതിന്‌ റോഡുകളുടെ നില മെച്ചപ്പെടുത്തുകയും രൂപരേഖയില്‍തന്നെ കാതലായ മാറ്റങ്ങള്‍ വരുത്തുകയും കിടയറ്റ സിഗ്നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.

ഇതിലൊക്കെ ഉപരിയായി നിലവിലുള്ള സാഹചര്യത്തില്‍ റോഡ്‌ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌. അപകടങ്ങള്‍ കുറയ്‌ക്കുന്ന കാര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക്‌ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. എവിടെയും അപകടം പതിയിരിക്കുന്നു എന്ന ചിന്തയോടെയാവണം വാഹനങ്ങള്‍ ഓടിക്കേണ്ടത്‌. മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവരുടെ വീഴ്‌ച്ചകള്‍കൊണ്ടും നമുക്ക്‌ അപകടമുണ്ടാകാം എന്ന ബോധ്യത്തോടെ മുന്‍കരുതല്‍ സ്വീകരിക്കണം.

ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ-4ന്റെ റോഡ്‌ സുരക്ഷാ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മറ്റ്‌ പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാകണം. ഡ്രൈവര്‍മാര്‍ക്ക്‌ സൗജന്യ ഇന്‍ഷുറന്‍ നല്‍കുന്ന പരിപാടിയും ഏറെ പ്രശംസാര്‍ഹമാണ്‌-മന്ത്രി പറഞ്ഞു.
ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൊടുപുഴ ലയണ്‍സ്‌ ക്ലബ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രാഫിക്‌ ഐലന്റിന്റെ നിര്‍മാണവും ഡ്രൈവര്‍മാര്‍ക്കുള്ള ഇന്‍ഷുറന്‍സ്‌ വിതരണവും മന്ത്രി ഉദ്‌ഘാടനം ചെയ്‌തു.

യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌ സീനിയര്‍ മാനേജര്‍ പി.കൃഷ്‌ണകുമാര്‍, തൊടുപുഴ ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോസ്‌ താണപ്പനാല്‍, സോണ്‍ ചെയര്‍മാന്‍ ജോര്‍ജ്‌ കാപ്പന്‍ എന്നിവരും ഇന്‍ഷുറന്‍സ്‌ വിതരണം നിര്‍വഹിച്ചു.
വൈസ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ ഡോ. ബിനോയ്‌ മത്തായി സ്വാഗതവും ഡിസ്‌ട്രിക്‌ട്‌ കോ ഓര്‍ഡിനേറ്റര്‍ കെ.വി. മത്തായി നന്ദിയും പറഞ്ഞു.

ഡ്രൈവര്‍മാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ബോധവത്‌കരണ പരിപാടിയില്‍ ജോയിന്റ്‌ ആര്‍.ടി.ഒ സാജന്‍ കെ. ജോസഫ്‌ ക്ലാസെടുത്തു. ജോയിന്റ്‌ ക്യാബിനറ്റ്‌ സെക്രട്ടറി എസ്‌,രാജന്‍ കോ ഓര്‍ഡിനേറ്ററായിരുന്നു.

റോഡ്‌ സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച്‌ ഇടുക്കി, ആലപ്പുഴ, എറണാകുളം മേഖലകളിലെ 92 ലണ്‍സ്‌ ക്ലബുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക്‌ സേഫ്‌റ്റി ക്ലബുകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ക്ക്‌ ഈ മാസം ഒന്നാം തീയതി തുടക്കം കുറിച്ചതായി ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ അറിയിച്ചു.
-------------------------------------

2009 സെപ്റ്റംബർ 27, ഞായറാഴ്‌ച

എന്നെക്കുറിച്ച്‌ പലര്‍ക്കും ഒരുപാട്‌ തെറ്റിധാരണകള്‍-യേശുദാസ്‌

എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ ലയണ്‍സ്‌ ക്ലബ്‌സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ-4ന്റെ ലോക ഹൃദയദിനാചരണവും ഹൃദയാപരിരക്ഷാ പദ്ധതിയും ഗായകന്‍ കെ.ജെ. യേശുദാസ്‌ ഉദ്‌ഘാടനം ചെയ്യുന്നു.

കൊച്ചി: തന്നെക്കുറിച്ച്‌ പലര്‍ക്കും ഒരുപാട്‌ തെറ്റിധാരണകളുണ്ടെന്ന്‌ ഗായകന്‍ യേശുദാസ്‌. ഒരു പാര്‍ട്ടിയിലും സംഘടനയിലും ചേരാന്‍ പാടില്ലെന്ന അപ്പന്റെ നിര്‍ദേശത്തിന്റെ പൊരുള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്‌ ഇപ്പോഴും ആരുടെ മുന്നിലും നിവര്‍ന്ന്‌ നിന്ന്‌ അപേക്ഷിക്കാന്‍ കഴിയുന്നതും അവര്‍ അത്‌ ഉള്‍ക്കൊള്ളുന്നതും-അദ്ദേഹം വിശദമാക്കി.

എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ ലയണ്‍സ്‌ ക്ലബ്‌സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ-4ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക ഹൃദയദിനാചരണവും ഹൃദയാപരിരക്ഷാ പദ്ധതിയുടെ ഉദ്‌ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു യേശുദാസ്‌.ഭൂമിയില്‍ ജീവിക്കുമ്പോള്‍ ഇവിടം നരകമാക്കി മറ്റൊരു സ്വര്‍ഗത്തിനുവേണ്ടി ശ്രമിക്കരുത്‌. ശാസ്‌ത്രരംഗത്ത്‌ ഏറെ മുന്നോട്ടു പോയെങ്കിലും സ്‌നേഹം എന്ന സത്വത്തെക്കുറിച്ചുള്ള അറിവ്‌ നമ്മില്‍നിന്ന്‌ അകന്നിരിക്കുന്നു. അതുകൊണ്ടുതന്നെയാണ്‌ തന്റെ വൃക്കകളിലൊന്ന്‌ ദാനം ചെയ്യാന്‍ തയാറായ ഫാ. ഡേവിസ്‌ ചിറമേലിനെപ്പോലെയുള്ളവരുടെ മാതൃക വേറിട്ടു നില്‍ക്കുന്നത്‌. രണ്ടുള്ളവന്‍ ഒന്ന്‌ ഇല്ലാത്തവന്‌ കൊടുക്കട്ടെ എന്ന ക്രിസ്‌തുവാക്യം അക്ഷരംപ്രതി അനുസരിച്ച അദ്ദേഹമാണ്‌ യഥാര്‍ത്ഥ ക്രിസ്‌ത്യാനി.

ഒരാള്‍ ആവശ്യക്കാരന്‌ വൃക്കദാനം ചെയ്യാന്‍ തയാറായാല്‍ അതിന്‌ ആയിരം രേഖകള്‍ തയാറാക്കേണ്ടതുണ്ട്‌. ദാനത്തിനൊരുങ്ങുന്നയാളെ മടുപ്പിക്കുകയും സ്വീകര്‍ത്താവിനെ കൊല്ലുകയുംചെയ്യുന്ന ഈ രീതി ശരിയാണോ എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. കലിയുഗത്തിന്റെ ഉച്ചകോടിയാണിപ്പോള്‍. ധര്‍മവും സത്യവും ന്യായവുമില്ലാത്തതുകൊണ്ടാണ്‌ ഒരുപാട്‌ നിയമങ്ങള്‍ വേണ്ടിവരുന്നത്‌. അന്യനെ സ്‌നേഹിക്കാനോ സഹായിക്കാനോ പാടില്ലെന്ന്‌ ഒരു മതവും പറയുന്നില്ല. പക്ഷെ കേവലം തെറ്റിധാരണയുടെ പുറത്തുപോലും ആരെയും വകവരുത്തുന്ന രീതിയാണ്‌ ഇപ്പോഴുള്ളത്‌-അദ്ദേഹം പറഞ്ഞു.

ലയണ്‍സ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. ഹൃദയപരിരക്ഷാ പദ്ധതിയിലേക്ക്‌ കൂത്താട്ടുകുളം ലയണ്‍സ്‌ ക്ലബിന്റെ സംഭാവനയായ മുപ്പതിനായിരം രൂപ പ്രസിഡന്റ്‌ ഗുണശേഖരന്‍ യേശുദാസിന്‌ കൈമാറി. ഹൃദയചികിത്സാ രംഗത്ത്‌ ശ്രദ്ധേയ സേവനം കാഴ്‌ച്ചവെച്ച കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക്‌ സര്‍ജന്‍ ഡോ. ടി.കെ. ജയകുമാറിനെ ചടങ്ങില്‍ ആദരിച്ചു.

അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രി ഡയറക്‌ടര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, സെന്റ്‌ തെരേസാസ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസ്റ്റബെല്‍, ടി.യു. കുരുവിള എം.എല്‍.എ, ലയണ്‍സ്‌ വൈസ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍മാരായ ഡോ. ബിനോയ്‌ മാത്യു, ടി.എ. വര്‍ക്കി, അപരിചിതന്‌ വൃക്കദാനം ചെയ്‌ത തൃശൂരിലെ ആക്‌സിഡന്റ്‌ കെയര്‍ ആന്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സര്‍വീസ്‌ ജനറല്‍ സെക്രട്ടറി ഫാ. ഡേവിസ്‌ ചിറമേല്‍, എന്നിവര്‍ പ്രസംഗിച്ചു.

വിന്‍സെന്റ്‌ കല്ലറയ്‌ക്കല്‍ സ്വാഗതവും ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ കാബിനറ്റ്‌ ട്രഷറര്‍ വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. `ആരോഗ്യമുള്ള ഹൃദയം'? എന്ന വിഷയത്തെ ആധാരമാക്കി നടന്ന സെമിനാറില്‍ ഹൃദയചികിത്സാവിദഗ്‌ധരായ ഡോ. സ്റ്റിജി ജോസഫ്‌ ഡോ. റഫീഖ്‌ (ഇരുവരും ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി, അങ്കമാലി), ഡോ. ഇ.വി. ജോണ്‍, (മെഡിക്കല്‍ട്രസ്റ്റ്‌ ആശുപത്രി, എറണാകുളം) എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന്‌ തെരേസാസ്‌ കോളേജില്‍നിന്ന്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത കൂട്ട നടത്തത്തിന്‌ ടി.യു. കുരുവിള എം.എല്‍.എ നേതൃത്വതം നല്‍കി.

തിരുവനന്തപുരത്തും കോഴിക്കോട്ടും പി.ജി. ഡിപ്ലോമ കോഴ്‌സ്‌ അനുവദിക്കാമെന്ന്‌ ദന്തല്‍ കൗണ്‍സില്‍

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട്‌ സര്‍ക്കാര്‍ ദന്തല്‍ കോളേജുകളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ വിനിയോഗിച്ച്‌ പി.ജി. ഡിപ്ലോമ കോഴ്‌സ്‌ നടത്താന്‍ അനുമതി നല്‍കാമെന്ന്‌ ദന്തല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ പത്മഭൂഷണ്‍ ബ്രിഗേഡിയര്‍ ഡോ. അനില്‍ കോഹ്‌ലി അറിയിച്ചു. കൗണ്‍സിലിന്റെ വജ്രജൂബിലിയാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന സമ്മളനത്തില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
.കേരളത്തില്‍ ഏഴായിരത്തിലധികം രജിസ്‌ട്രേഡ്‌ ദന്തഡോക്‌ടര്‍മാരുണ്ട്‌. ആറു വര്‍ഷം മുമ്പ്‌ സംസ്ഥാനത്ത്‌ 80 ബി.ഡി.എസ്‌ സീറ്റുകളുണ്ടായിരുന്നത്‌ ഇപ്പോള്‍ 1250 ആയി വര്‍ധിച്ചു. പക്ഷെ യോഗ്യതയുള്ള അധ്യാപകര്‍ വേണ്ടത്ര ഇല്ലാത്തത്‌ പ്രതിസന്ധിക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. പി.ജി സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന്‌ ചികിത്സാനിലവാരം ഉയര്‍ത്തും-അദ്ദേഹം വിശദമാക്കി.നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത്‌ കൂടുതല്‍ ദന്തല്‍ കോളേജുകള്‍ അനുവദിക്കാനാവില്ലെന്ന്‌ കോഹ്‌ലി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ ലോകത്ത്‌ ആകെയുള്ള ദന്തിസ്റ്റുകളില്‍ മൂന്നിലൊന്ന്‌ ഇന്ത്യയിലാണ്‌.
ഒരു ദന്തല്‍ കോളേജുപോലുമില്ലാത്ത ജമ്മുകശ്‌മീര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ കോളേജുകള്‍ തുടങ്ങുന്നതിന്‌ കൗണ്‍സില്‍ എതിരല്ല. മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ചുമാത്രമെ ഇവ പ്രവര്‍ത്തിക്കാവൂ. അങ്ങനെയെങ്കില്‍ ആദ്യത്തെ മൂന്നു വര്‍ഷത്തെ അടിസ്ഥാന പഠനം കാര്യക്ഷമമായി നടക്കും. ബിരുദാനന്തരബിരുദ കോഴ്‌സുകളും ഇങ്ങനെ മാത്രമെ നടത്താവൂ. പ്രഫസറോ റീഡറോ ആകുന്നതിനുള്ള കാലദൈര്‍ഘ്യം കുറയ്‌ക്കുന്ന കാര്യവും കൗണ്‍സിലിന്റെ പരിഗണനയിലുണ്ട്‌. എം.ഡി.എസ്‌. സീറ്റുകള്‍ വര്‍ധിപ്പിക്കാനും ഉദ്ദേശ്യമുണ്ട്‌. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ദന്തിസ്റ്റുകളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ സാധാരണക്കാര്‍ക്ക്‌ മെച്ചപ്പെട്ട ചികിത്സ നേടാന്‍ കഴിയുകയുംചെയ്യും.
ദന്തചികിത്സക്ക്‌ മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ്‌ ലഭ്യമാക്കണമെന്ന ആവശ്യവും കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നുണ്ട്‌. ദന്തചികിത്സ ആര്‍ഭാടമായി കരുതുന്നതിനാല്‍ രാജ്യത്തെ ജനങ്ങളില്‍ അഞ്ചുശതമാനം പോലും ദന്തിസ്റ്റുകളെ സമീപിക്കുന്നില്ല. റീ ഇംപേഴ്‌സ്‌മെന്റ്‌ ഏര്‍പ്പെടുത്തിയാല്‍ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകും. കൂടുതല്‍ ദന്തഡോക്‌ടര്‍മാര്‍ക്ക്‌ തൊഴില്‍ ലഭിക്കുകയും ചെയ്യും-കോഹ്‌ലി ചൂണ്ടിക്കാട്ടി. കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം ഡോ. മഹേഷ്‌ വര്‍മ, കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഷാജി കെ. ജോസ്‌, ഡോ. സി.കെ. അശോകന്‍, ഡോ. എച്ച്‌. ഷംസുദ്ദീന്‍, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പാവപ്പെട്ടവര്‍ക്ക്‌ കൂടുതല്‍ മികച്ച സൗജന്യ ചികിത്സയ്‌ക്ക്‌സംവിധാനം വേണം-മന്ത്രി പ്രഫ. കെ.വി. തോമസ്‌



കൊച്ചി: പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായി കൂടുതല്‍ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത്‌ അനിവാര്യമാണെന്ന്‌ കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ. കെ.വി. തോമസ്‌ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിമിതികള്‍ മനസ്സിലാക്കി വ്യക്തികളും സ്ഥാപനങ്ങളും ഡോക്‌ടര്‍മാരും സഹകരിച്ചാല്‍ ഇത്‌ യാഥാര്‍ത്ഥ്യമാകുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

മരട്‌ റമദ റിസോര്‍ട്ടില്‍ ദന്തല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടുന്ന സാമ്പത്തികശേഷിയുള്ളവരില്‍നിന്ന്‌ ചെറിയൊരു തുക ഈടാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാവുന്നതാണ്‌. ഇങ്ങനെ കിട്ടുന്ന പണം നിര്‍ധനരോഗികള്‍ക്ക്‌ മികച്ച ചികിത്സ ഏര്‍പ്പെടുത്തുന്നതിനായി വിനിയോഗിക്കാന്‍ കഴിയും.

ജനറല്‍ മെഡിസിന്‍ പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ്‌ ദന്തചികിത്സ. സമീപ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഈ രംഗത്ത്‌ ഗണ്യമായ പുരോഗതിയുണ്ടായി. വിദഗ്‌ധരായ അനേകം ഡോക്‌ടര്‍മാര്‍ നമുക്കുണ്ട്‌. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളില്‍നിന്ന്‌ ദന്തചികിത്സക്ക്‌ എത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. ദന്ത ഡോക്‌ടര്‍മാരെ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ഭാഗമായി ഉള്‍പ്പെടുണമെന്നതുള്‍പ്പെടെ കൗണ്‍സില്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര മന്ത്രിസഭയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന്‌ മന്ത്രി പറഞ്ഞു.

കൂടുതല്‍ ദന്തല്‍ കോളേജുകള്‍ അനുവദിക്കേണ്ടതില്ലെന്ന ദന്തല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. അനില്‍ കോഹ്‌ലിയുടെ നിര്‍ദേശം അംഗീകരിച്ച്‌ ആദ്യം തീരുമാനമെടുത്ത സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളമെന്ന്‌ ചടങ്ങില്‍ വിശിഷ്‌ടാതിഥിയായിരുന്ന സംസ്ഥാന ആരോഗ്യമന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍മാരുടെ കാര്യത്തിലെന്ന പോലെ ദന്തല്‍ കോളേജ്‌ ആധ്യാപകരും സ്വകാര്യ പ്രാക്‌ടീസ്‌ നടത്തുന്നതിന്‌ സര്‍ക്കാര്‍ എതിരാണ്‌. കേരളത്തില്‍ മെഡിക്കല്‍ സര്‍വകലാശാല സംബന്ധിച്ച പ്രഖ്യാപനം ഒരുമാസത്തിനുള്ളിലുണ്ടാകും-മന്ത്രി അറിയിച്ചു.

ദന്തല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ അനില്‍ കോഹ്‌ലി അധ്യക്ഷതവഹിച്ചു. ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ഗവണ്‍മെന്റ്‌ ഡന്റല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. എന്‍.ഒ. വര്‍ഗീസും കോട്ടയം ഗവണ്‍മെന്റ്‌ ഡന്റല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ്‌ വര്‍ഗീസും സംസ്ഥാനത്തെ ദന്തചികിത്സാ പഠനസൗകര്യങ്ങളെക്കുറിച്ച്‌ വിശദമാക്കി. ദന്തല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ മുന്‍ അംഗങ്ങളായ ഡോ. റാം മനോഹര്‍, ഡോ. വര്‍ഗീസ്‌ മാണി, ഡോ. റെസി ചെറൂര്‍ എന്നിവരെ മന്ത്രി പി.കെ. ശ്രീമതിയും ഡോ. കെ. നന്ദകുമാര്‍, ഡോ. പി.എസ്‌. താഹ എന്നിവരെ ഡോ. അനില്‍ കോഹ്‌ലിയും പൊന്നാടയണിയിച്ച്‌ ആദരിച്ചു. രാജീവ്‌ഗാന്ധി ശിരോമണി അവാര്‍ഡ്‌ നേടിയ അഡ്വ. ടി.എസ്‌. റഷീദിന്‌ മന്ത്രി ശ്രീമതി ഉപഹാരം നല്‍കി. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റ്‌ ഡോ. പ്രതാപ്‌കുമാര്‍, എം.ഇ.എസ്‌ ദന്തല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. പി.വി. ഫ്രാന്‍സീസ്‌, കൊച്ചി അമൃത സ്‌കൂള്‍ ഓഫ്‌ ദന്തിസ്‌ട്രിയിലെ അധ്യാപിക ഡോ. അഞ്‌ജന, കേരള ദന്തല്‍ കൗണ്‍സില്‍ പ്രതിനിധി ഡോ. പ്രദീപ്‌ എന്നിവര്‍ പ്രസംഗിച്ചു.പ്രൈവറ്റ്‌ ദന്തല്‍ കോളേജ്‌ കണ്‍സോര്‍ഷ്യം പ്രസിഡന്റ്‌ അഡ്വ. റഷീദ്‌ സ്വാഗവും ഡി.സി.എ അംഗം ഡോ. സി.കെ. അശോകന്‍ നന്ദിയും പറഞ്ഞു. ദന്തചികിത്സാ പഠനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച്‌ സമ്മേളനം ചര്‍ച്ച ചെയ്‌തു. വിദഗ്‌ധര്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ ദന്തല്‍ കൗണ്‍സിലിനും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും സമര്‍പ്പിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

2009 സെപ്റ്റംബർ 23, ബുധനാഴ്‌ച

മരുന്നുകളുടെ അമിതവില; ആരോഗ്യമന്ത്രിഇന്ന്‌ ജനപക്ഷവുമായി ചര്‍ച്ച നടത്തും

കൊച്ചി: ജീവന്‍രക്ഷാമരുന്നുകള്‍ക്ക്‌ അമിതവില ഇടാക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട ജനപക്ഷത്തിന്റെ ഭാരവാഹികളുമായി ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഇന്ന്‌ (സെപ്‌റ്റംബര്‍ 24) ചര്‍ച്ച നടത്തും. ഉച്ചയ്‌ക്ക്‌ പന്ത്രണ്ടിന്‌ എറണാകുളം ഗസ്റ്റ്‌ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ രക്ഷാധികാരി ഗായകന്‍ കെ.ജെ. യേശുദാസ്‌, പി.സി. സിറിയക്‌, ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‍, ബെന്നി ജോസഫ്‌, റോയ്‌ വര്‍ഗീസ്‌ എന്നിവര്‍ ജനപക്ഷത്തെ പ്രതിനിധീകരിക്കും.
വൈകുന്നേരം നാലിന്‌ ഹൈക്കോടതി ജംഗ്‌ഷനിലെ മദര്‍ തെരേസ സ്‌ക്വയറില്‍ മരുന്നുവില്‍പ്പനയിലെ ക്രമക്കേടുകള്‍ക്കെതിരെ ജനകീയ വിചാരണ നടക്കും. യേശുദാസ്‌ നേതൃത്വം നല്‍കുന്ന പരിപാടിയില്‍ രാഷ്‌ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ജീവന്‍ രക്ഷാമരുന്നുകളുടെ വില്‍പ്പനയിലെ ക്രമക്കേടുകളെക്കുറിച്ച്‌ ജനപക്ഷത്തിന്‌ ലഭിച്ച കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ നിവേദനം ഇന്ന്‌ ആരോഗ്യമന്ത്രിക്ക്‌ സമര്‍പ്പിക്കുമെന്ന്‌ ബെന്നി ജോസഫ്‌ അറിയിച്ചു. ഈ വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ക്ക്‌ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഒഴിവാക്കണമെന്നതുള്‍പ്പെടെ പന്ത്രണ്ട്‌ നിര്‍ദേശങ്ങളും സംഘടന മുന്നോട്ടുവെക്കും.
===================

2009 സെപ്റ്റംബർ 12, ശനിയാഴ്‌ച

പിണറായിയെ കസ്റ്റഡിയിലെടുക്കണം-ബി.ജെ.പി

കൊച്ചി: പോള്‍ മുത്തൂറ്റ്‌ വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സി.പി.എമ്മിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രീതിയില്‍ പ്രസ്‌താവന നടത്തിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യണമെന്ന്‌ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

പോളിനെ കൊന്നത്‌ ആര്‍.എസ്‌.എസുകാര്‍ ഉപയോഗിക്കുന്ന ?ട? ആകൃതയിലുള്ള കത്തികൊണ്ടാണെന്നും അതുകൊണ്ടുതന്നെ കൊലയാളി ആര്‍.എസ്‌.എസുകാരനാണെന്നും ആദ്യം പറഞ്ഞത്‌ പിണറായി വിജയനാണ്‌. കാരി സതീഷിന്റെ വീട്ടില്‍നിന്ന്‌ കണ്ടെടുത്ത കത്തി പോലീസ്‌ പണിയിച്ചതാണെന്ന വസ്‌തുത മാധ്യമങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നത്‌ പിണറായിക്കും സി.പി.എമ്മിനും പോലീസിനും ഒന്നുപോലെ ഇരുട്ടടിയായി. ഈ സാഹചര്യത്തിലാണ്‌ വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങളെ ചോദ്യം ചെയ്യണമെന്ന ആവശ്യം പിണറായി ഉന്നയിച്ചിരിക്കുന്നത്‌. ആദ്യം കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യേണ്ടത്‌ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ നുണപ്രചരണം നടത്തുന്ന പിണറായിയെത്തന്നെയാണ്‌-രാധാകൃഷ്‌ണന്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും സ്വന്തം വരുതിയിലാക്കാനുള്ള മാര്‍ക്‌സിസ്റ്റ്‌ നീക്കത്തിന്റെ ഭാഗമാണ്‌ മാധ്യമങ്ങളെ ചോദ്യം ചെയ്യണമെന്ന പിണറായിയുടെ ആവശ്യം. തങ്ങള്‍ക്ക്‌ സ്വീകാര്യമല്ലാത്ത വിധി പുറപ്പെടുവിച്ച ജഡ്‌ജിമാരുടെ കോലം കത്തിക്കുകയും പാര്‍ട്ടി ശാസനം അനുസരിക്കാത്ത ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും ചെയ്യുന്ന നയത്തിന്റെ തുടര്‍ച്ചയായാണ്‌ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനെതിരായ ഈ വെല്ലുവിളി-അദ്ദേഹം ചൂണ്ടിക്കാട്ടി.

യഥാര്‍ത്ഥ തൊണ്ടി മുതലുകള്‍ കണ്ടെടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പോലീസ്‌ തന്നെ തൊണ്ടി ഉണ്ടാക്കുന്നത്‌ സാധാരണമാണെന്ന്‌ പറഞ്ഞ സി.പി.എം നേതാവ്‌ പി.ജയരാജന്‍ സി.പി.എം ഭരിക്കുമ്പോള്‍ ഇതുവരെ ഏതൊക്കെ കേസുകളില്‍ പോലീസ്‌ തൊണ്ടി ഉണ്ടാക്കിയിട്ടുണ്ടെന്ന്‌ വ്യക്തമാക്കണമെന്നും രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

2009 സെപ്റ്റംബർ 8, ചൊവ്വാഴ്ച

സര്‍ക്കാരിനെതിരെ ബി.ജെ.പി പ്രക്ഷോഭത്തിന്

ഐ.ജി. വിന്‍സന്‍ എം. പോളിനെ സസ്‌പെന്റ്‌ ചെയ്യണമെന്ന്‌

കൊച്ചി: സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കി, വെറുക്കപ്പെട്ട സര്‍ക്കാരിനെതിരെ ബി.ജെ.പി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ പറഞ്ഞു.
കേരളത്തിലെ മന്ത്രികുടുംബങ്ങള്‍ സാമൂഹത്തിന്‌ ഭീഷണിയായി മാറിയിരിക്കുന്നു. പ്രമാദയമായ ഏതു ക്രിമിനല്‍ കേസിലും വിശദാന്വേഷണം ഒടുവില്‍ ആഭ്യന്തര മന്ത്രിയുടെയും മറ്റ്‌ സി.പി.എം നേതാക്കളുടെയും വീട്ടില്‍ എത്തിച്ചേരുന്ന സാഹചര്യമാണുള്ളത്‌. അതുകൊണ്ടുതന്നെ അന്വേഷണപ്രഹസനം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്‌ പതിവ്‌. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ പോള്‍ ജോര്‍ജ്‌ മുത്തൂറ്റ്‌ വധക്കേസ്‌-അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അവിശുദ്ധകൂട്ടുകെട്ട്‌ സൃഷ്‌ടിച്ചിരിക്കുന്ന അപകടനിലയില്‍നിന്നും നാടിനെ രക്ഷിക്കുന്നതിനുള്ള പ്രക്ഷോഭത്തില്‍ മറ്റു സംഘടനകള്‍, സാംസ്‌കാരിക നായകര്‍, സാമൂഹ്യ, മതനേതാക്കള്‍ തുടങ്ങി സഹകരിക്കാന്‍ തയാറുള്ള എല്ലാവരുടെയും പിന്തുണ തേടും. ആശയപരമായ അകല്‍ച്ചയുള്ളവരുമായി പോലും ചര്‍ച്ചനടത്തി ഈ വിഷയത്തില്‍ ഒന്നിച്ചു നീങ്ങാന്‍ ശ്രമിക്കും-രാധാകൃഷ്‌ണന്‍ പറഞ്ഞു.
കേസ്‌ അന്വേഷണം നേരായ ദിശയിലാണെന്നും മാധ്യമങ്ങള്‍ അന്വേഷണം ഏറ്റെടുക്കേണ്ടെന്നുമാണ്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നേരത്തെ പറഞ്ഞത്‌. എന്നാല്‍ മാധ്യമങ്ങളുടെ ഫലപ്രദമായ ഇടപെടലുകളുടെയും അന്വേഷണങ്ങളുടെയും ഒടുവിലത്തെ ഉദാഹരണമാണ്‌ അറസ്റ്റിലായ കാരി സതീഷിന്റെ വീട്ടില്‍നിന്ന്‌ കണ്ടെടുത്ത കത്തി പോലീസിന്റെ നിര്‍ദേശപ്രകാരം നിര്‍മിച്ചതാണെന്ന വെളിപ്പെടുത്തല്‍. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സ്വന്തം നിലക്ക്‌ കത്തി നിര്‍മിക്കാന്‍ ഇടപാട്‌ ചെയ്‌തതാണെന്ന്‌ കരുതാനാവില്ല. അതിനു പിന്നില്‍ വിശദമായ തിരക്കഥയുണ്ട്‌.
എ.എന്‍.രാധാകൃഷ്ണന്‍ എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍
കൊലപാതകത്തെ തുടര്‍ന്ന്‌ ഐ.ജി വിന്‍സണ്‍ എം പോള്‍ തിരക്കുപിടിച്ചു നടത്തിയ പത്രസമ്മേളനത്തിലാണ്‌ `ട' ആകൃതിയിലുള്ള കത്തിയാണ്‌ കൊലക്ക്‌ ഉപയോഗിച്ചതെന്ന്‌ വ്യക്തമാക്കിയത്‌. ആര്‍ക്കുവേണ്ടിയാണ്‌ ഈ വാര്‍ത്താസമ്മേളനം നടത്തിയത്‌? വാര്‍ത്താ സമ്മേളനം കഴിഞ്ഞ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ കത്തി നിര്‍മിക്കാന്‍ ഇരുമ്പു പണിക്കാരനെ ഏര്‍പ്പാടാക്കുകയായിരുന്നു. `ട' ആകൃതിയിലുള്ള കത്തി ആര്‍.എസ്‌.എസുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിക്കുകയും ചെയ്‌തു. സംഭവികാസങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ പിണറായിയും കോടിയേരിയും ഐജി വിന്‍സണ്‍ എം. പോളും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ വഴിയിലാണ്‌ അന്വേഷണം നീങ്ങുന്നതെന്ന്‌ സംശയിക്കേണ്ടിരിക്കുന്നു.
തന്റെ ക്രിമിനല്‍ പശ്ചാത്തലം മാധ്യമങ്ങള്‍ തുറന്നുകാട്ടിയപ്പോള്‍ സന്തോഷ്‌ മാധവന്‍ നേരെ പോയത്‌ വിന്‍സണ്‍ എംപോളിനെ കാണാനാണ്‌. ചായ നല്‍കി സ്വീകരിച്ച ഐജി സന്തോഷ്‌ മാധവന്‍ കുറ്റക്കാരനല്ലെന്ന്‌ സ്ഥിരീകരിക്കുകയും ചെയ്‌തു. പോള്‍ ജോര്‍ജ്‌ വധക്കേസുമായി ബന്ധപ്പെട്ട്‌ തെറ്റിധാരണാജനകമായ വിവരങ്ങള്‍ നല്‍കിയ ഐജിയെ സര്‍വീസില്‍നിന്ന്‌ സസ്‌പെന്റ്‌ ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണം-രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രമസമാധാനനിലയെക്കുറിച്ച്‌ ഹൈക്കോടതി ഇതിനോടകം പലവട്ടം ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു. ഏറ്റവുമൊടുവില്‍ കാരി സതീഷിന്റെ അമ്മയുടെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസന്വേഷണത്തെക്കുറിച്ച്‌ കോടതി വിമര്‍ശനം നടത്തി.
തന്റെ മകന്‍ കുറ്റക്കാരനല്ലെന്നാണ്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറയുന്നത്‌. ഭര്‍ത്താവ്‌ കുറ്റക്കാരനല്ലെന്ന്‌ ഓംപ്രകാശിന്റെ ഭാര്യയും മകനെ പണം കൊടുത്ത്‌ പ്രതിയാക്കിയതാണെന്ന്‌ കാരി സതീഷിന്റെ അമ്മയും പറയുന്നു. സന്തോഷ്‌ മാധവന്‍ നിരപരാധിയാണെന്ന്‌ അയാളുടെ ഭാര്യയും പറഞ്ഞിരുന്നു. മറ്റെല്ലാവരെയും പ്രതികളാക്കിയിട്ടും ബിനീഷ്‌ കോടിയേരിയെ മാത്രം ചോദ്യം ചെയ്യാന്‍പോലും തയാറാകാത്തത്‌ എന്തുകൊണ്ടാണ്‌?
പോള്‍ എം. ജോര്‍ജിന്റെ ഭൂതകാലം അന്വേഷിക്കണമെന്ന്‌ പിണറായി വിജയന്‍ പറഞ്ഞു. എന്നിട്ട്‌ എന്തുകൊണ്ടാണ്‌ അതിന്‌ തയാറാകാത്തത്‌? സന്തോഷ്‌ മാധവന്‍ കേസില്‍ പിടിച്ചെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌ക്‌ ഇനിയും പരിശോധിക്കാത്തത്‌ സിഡാക്കില്‍ പതിനായിരം രൂപ കെട്ടിവെക്കാന്‍ ആഭ്യന്തര വകുപ്പ്‌ തയാറാകാത്തതുകൊണ്ടാണ്‌. ആ കേസിലും കുറ്റമറ്റ അന്വേഷണം നടന്നാല്‍ അത്‌ ഒടുവില്‍ ആഭ്യന്ത്ര മന്ത്രിയുടെ വീട്ടിലെത്തും. സന്തോഷ്‌ മാധവന്റെ വീട്ടില്‍നിന്ന്‌ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ യൂണിഫോം പിടിച്ചെടുത്തു. ആ വഴിക്കുള്ള അന്വേഷണം എവിടെയെത്തി?-രാധാകൃഷ്‌ണന്‍ ചോദിച്ചു.
സി.പി.എം നേതാക്കള്‍ക്കെതിരെ ബി.ജെ.പിയുടെയും പോഷക സംഘനകളുടെയും ഭാരവാഹികളും ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ മാനനഷ്‌ടക്കേസു കൊടുക്കുമെന്നു പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയവര്‍ ഒരു വക്കീല്‍ നോട്ടീസു പോലും അയക്കാന്‍ തയാറാട്ടില്ല.
ബ്രാഞ്ച്‌ സെക്രട്ടറി മുതലുള്ള നേതാക്കളുടെ ജീവിതശൈലി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച രേഖയുമായി ബന്ധപ്പെട്ട്‌ സി.പി.എം പോളിറ്റ്‌ബ്യൂറോ നടത്തിയ ചര്‍ച്ച എല്ലാ പാര്‍ട്ടികളും ഏറെ കൗതുകത്തോടെയാണ്‌ വീക്ഷിച്ചത്‌. കോടിയേരി ബാലകൃഷ്‌ണന്‍ ഈ യോഗത്തില്‍ പങ്കെടുത്ത്‌ നടത്തിയ അഭിപ്രായപ്രകടനം മാധ്യമങ്ങളില്‍ വന്ന വേളയില്‍തന്നെയാണ്‌ അദ്ദേഹത്തിന്റെ മകന്‍ ബിനോയ്‌ കോടിയേരി ഭരണസ്വാധീനം ഉപയോഗിച്ച്‌ ആഡംബര കാറിന്‌ ഫാന്‍സി നമ്പര്‍ നേടിയെടുത്തത്‌ വാര്‍ത്തയായത്‌. ഇത്‌ ഒരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയാണോ? കിടപ്പാടമില്ലാതെ, രണ്ടു നേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതെ അനേകമാളുകള്‍ കഷ്‌ടപ്പെടുമ്പോഴാണ്‌ അവര്‍ക്കുവേണ്ടി പൊരുതുന്നു എന്ന്‌ അവകാശപ്പെടുന്ന പാര്‍ട്ടിയുടെ മന്ത്രിയുടെ മകന്‍ ചലച്ചിത്ര താരങ്ങള്‍ക്കും മറ്റ്‌ വന്‍കിടക്കാര്‍ക്കുമൊപ്പം ഫാന്‍സി നമ്പരിനുവേണ്ടി പൊരുതന്നതെന്ന്‌ ഓര്‍ക്കണം.
നിലവിലുള്ള സാഹചര്യത്തില്‍ കേരളാ പോലീസ്‌ അന്വേഷിച്ചാല്‍ പോള്‍ എം. ജോര്‍ജ്‌ വധക്കേസിന്റെ നിജസ്ഥിതി പുറത്തുവരില്ല എന്ന്‌ ഉറപ്പുള്ളതുകൊണ്ട്‌ കേന്ദ്ര ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന ആവശ്യത്തില്‍ ബി.ജെ.പി. ഉറച്ചു നില്‍ക്കുകയാണെന്ന്‌ രാധാകൃഷ്‌ണന്‍ വ്യക്തമാക്കി.

2009 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

പെട്രോളിയം മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ട്രേഡേഴ്സ് അസോസിയേഷന്‍


കേരള സ്റ്റേറ്റ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷന്‍(ബി.പി.സി.എല്‍) കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലാ സംയുക്തയോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ബാബു എം. പാലിശ്ശേരി എം.എല്‍.എ പ്രസംഗിക്കുന്നു. തോമസ്‌ ഫിലിപ്പ്‌, കെ. കമലാക്ഷന്‍, എ. രാജന്‍, ജോര്‍ജ്‌ മൂക്കന്‍ എന്നിവര്‍ സമീപം.

കൊച്ചി: സംസ്ഥാനത്തെ പെട്രേളിയം വിതരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര മന്ത്രാലയവും കമ്പനികളും ത്വരിത നടപടി സ്വീകരിക്കണമെന്ന്‌ കേരള സ്റ്റേറ്റ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷന്‍(ബി.പി.സി.എല്‍) ആവശ്യപ്പെട്ടു.
ഭൂരിഭാഗം ഡീലര്‍മാരും ഇപ്പോള്‍ നഷ്‌ടം നേരടുകയാണെന്ന്‌ അസോസിയേഷന്റെ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലാ സംയുക്തയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ബാബു എം. പാലിശ്ശേരി എംഎല്‍എ പറഞ്ഞു. പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരസ്യപ്പെടുത്തുക, കമ്പനികള്‍ കൃത്യമായ അളവില്‍ ഡീലര്‍മാര്‍ക്ക്‌ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നല്‍കുക, ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ്‌, വൈദ്യുതി ചാര്‍ജ്‌, വേതനം എന്നിവക്ക്‌ ആനുപാതികമായി കമ്മീഷന്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പെട്രോളിയം കമ്പനികളുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും നികുതി പിരിവില്‍ അശാസ്‌ത്രീയത തുടരുന്നതും അംഗീകരിക്കാനാവില്ലെന്ന്‌ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
കേരളത്തില്‍ വാഹനങ്ങളുടെയും പെട്രോള്‍ പമ്പുകളുടെയും എണ്ണം വര്‍ധിച്ചിച്ചിട്ടുണ്ടെങ്കിലും ഇന്ധന ഉപഭോഗം ആനുപാതികമായി ഉയര്‍ന്നിട്ടില്ലെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. 2000ലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത്‌ വാഹനങ്ങളുടെ എണ്ണം 132.49 ശതമാനവും ഇന്ധന ഉപഭോഗം 17.21 ശതമാനവും വര്‍ധിച്ചപ്പോള്‍ വില്‍പ്പനശാലകളുടെ എണ്ണത്തില്‍ 153.23 ശതമാനമാണ്‌ വര്‍ധന. 2000ല്‍ 650 പെട്രോള്‍ പമ്പുകള്‍ മാത്രമുണ്ടായിരുന്നത്‌ 2008ല്‍ 1646 ആയി. ശാസ്‌ത്രീയ മാനദണ്ഡമില്ലാതെ പുതിയ ഡീര്‍ഷിപ്പുകള്‍ നല്‍കുന്നത്‌ നിലവിലുള്ള ഡീലര്‍മാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്‌-ബാബു എം. പാലിശ്ശേരി ചൂണ്ടിക്കാട്ടി.
ഭൂവുടമകള്‍ക്ക്‌ വാടക വാഗ്‌ദാനം ചെയ്‌തും പട്ടികജാതി- പട്ടികവര്‍ഗക്കാര്‍, വികലാംഗര്‍, വിമുക്തഭടന്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളിലെ തൊഴില്‍രഹിതരെ ഡീലര്‍ഷിപ്പിലേക്ക്‌ ആകര്‍ഷിച്ചും ചൂഷണം നടത്തുന്നത്‌ വ്യാപകമായിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ചെറു റോഡിലും പമ്പുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്ന്‌ എണ്ണക്കമ്പനികള്‍ ഉടന്‍ പിന്മാറണം.
പെട്രോളും ഡീസലും ചൂടില്‍ വികസിക്കുകയും തണുപ്പില്‍ ചുരുങ്ങുകയും ചെയ്യാറുണ്ട്‌. ഏത്‌ ഊഷ്‌മാവിലായാലും ഒരേ അളവാണ്‌ കമ്പനികള്‍ ഡീലര്‍മാര്‍ക്ക്‌ നല്‍കുന്നത്‌. ഭൂഗര്‍ഭ ടാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ഊഷ്‌മാവിലെ വ്യതിയാനത്തിനനുസരിച്ച്‌ സ്റ്റോക്കില്‍ കുറവുണ്ടാകുന്നു. അശാസ്‌ത്രീയമായ ഈ സംവിധാനം മൂലം പെട്രോള്‍ പമ്പ്‌ ഉടമകള്‍ക്കുണ്ടാകുന്ന നഷ്‌ടം പരിഹരിക്കുന്നതിന്‌ ഓരോ ഫില്ലിംഗ്‌ സ്റ്റേഷനും നിരീക്ഷണ വിധേയമാക്കുകയും അപാകതകള്‍ പരിഹരിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കുകയും വേണം.
നിലവില്‍ കിട്ടുന്ന രണ്ടു ശതമാനം കമ്മീഷനില്‍ കമ്പനി പറയുന്ന 0.75 ശതമാനം ബാഷ്‌പീകരണ നഷ്‌ടം കിഴച്ചുള്ള 1.25 ശതമാനത്തില്‍ വൈദ്യുതി ചാര്‍ജ്‌, ബാങ്ക്‌ പലിശ, ശമ്പളം, ഉദ്യോഗസ്ഥര്‍ക്കുള്ള പടി, ടെലിഫോണ്‍ ചെലവ്‌, ലോറിക്കാര്‍ക്കുള്ള കൈമടക്ക്‌, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവക്കുള്ള വിഹിതംകൂടി പോകുന്നതോടെ തുച്ഛമായ ലാഭമെങ്കിലും നേടുന്ന പെട്രോള്‍ പമ്പുകള്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ്‌. ഈ സാഹചര്യത്തില്‍ ചില കേന്ദ്രങ്ങളിലെങ്കിലും ഉപഭോക്താക്കള്‍ക്ക്‌ നല്ല ഉല്‍പ്പന്നം കിട്ടാത്ത സ്ഥിതിയുണ്ടാകുന്നു. അതുകൊണ്ടുതന്നെ കമ്മീഷന്‍ നവീകരിച്ചേ തീരൂ.
പെട്രോള്‍ ബുക്ക്‌ചെയ്യല്‍, പേമെന്റ്‌ അയയ്‌ക്കല്‍, ലോഡ്‌ അലോട്ട്‌മെന്റ്‌, ഫില്ലിംഗ്‌ തുടങ്ങി എല്ലാ മേഖലകളിലും കമ്പനികളുടെ തന്‍പ്രമാണിത്വം ഡീലര്‍മാര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ക്രൂഡ്‌ ഓയില്‍ വില 148 രൂപയായപ്പോള്‍ കമ്പനികളുടെ നിലനില്‍പ്പ്‌ പ്രതിസന്ധിയിലായതിനാല്‍ 2008 ജൂലൈ മുതല്‍ തല്‍ക്കാലത്തേക്ക്‌ പണം ഈ- ബാങ്കിംഗ്‌ വഴി കമ്പനിയുടെ അക്കൗണ്ടില്‍ അടയ്‌ക്കണമെന്ന്‌ നിര്‍ദേശിച്ചു. തല്‍ക്കാലത്തേക്കാണെന്നു കരുതി ഡീലര്‍മര്‍ ഈ- ബാങ്കിംഗുമായി സഹകരിച്ചതോടെ ആ സംവിധാനം കമ്പനികള്‍ അടിച്ചേല്‍പ്പിച്ചു. ഇതും ഏറെ ബുദ്ധിമുട്ടുകള്‍ക്ക്‌ വഴിതെളിച്ചിരിക്കുകയാണ്‌.
രാജ്യത്ത്‌ വാറ്റ്‌ നിയമം നിലവില്‍വന്നപ്പോള്‍ ഉയര്‍ന്ന നികുതി പിരിവ്‌ 12 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ പെട്രോളിനും ഡീസലിനും നികുതി യഥാക്രമം 26, 24 ശതമാനമാക്കി പഴയ കെ.ജി.എസ്‌.ടി നിയമത്തിന്‍കീഴില്‍ രണ്ടാം വില്‍പ്പന നികുതിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. വാറ്റ്‌ നിയമത്തില്‍ വില്‍ക്കുന്ന ലൂബ്രിക്കന്‍സിന്‌ പത്തുലക്ഷം രൂപവരെ വില്‍പ്പനനികുതിയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. എന്നാല്‍ പെട്രോള്‍ പമ്പില്‍ വിറ്റാല്‍ അതിന്‌ നികുതി അടക്കേണ്ട സ്ഥിതിയാണ്‌. ഓരോ പമ്പിലും ഉല്‍പ്പന്നം എത്തിച്ചുതരുന്ന ചെലവടക്കമുള്ള തുകയുടെ ബില്ലാണ്‌ നല്‍കുന്നത്‌. വണ്ടി വാടകയ്‌ക്കും 26 ശതമാനം നികുതി വാങ്ങുന്ന രീതി തുടരുകയാണ്‌. ബില്ലില്‍ ലോറി വാടക പ്രത്യേകമായി കാണിച്ച്‌ അത്‌ നികുതിയില്‍നിന്ന്‌ ഒഴിവാക്കിയേ തീരു-അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കമലാക്ഷന്‍, ഓര്‍ഗനൈസിംഗ്‌ സെക്രട്ടി ആര്‍. ശബരീനാഥ്‌, ജോയിന്റ്‌ സെക്രട്ടറി ജോഷി ചാക്കോ, എറണാകുളം ജില്ലാ പ്രസിഡന്റ്‌ എ. രാജന്‍, സെക്രട്ടറി എന്‍.എസ്‌ അജാസ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

2009 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

മരുന്നുകളുടെ അമിത വില; യേശുദാസ്‌ രാഷ്ട്രീയ, മത നേതാക്കളുടെ പിന്തുണ തേടി

കൊച്ചി: ജീവന്‍ രക്ഷാ മരുന്നു വില്‍പ്പനയിലെ ചൂഷണം അവസാനിപ്പിക്കുന്നതിന്‌ ഇടപെടല്‍ നടത്തണമെന്ന്‌ ജനപക്ഷം മുഖ്യരക്ഷാധികാരി ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്‌ ഭരണ, രാഷ്‌ട്രീയ, മത മേഖലകളിലെ പ്രമുഖരോട്‌ അഭ്യര്‍ത്ഥിച്ചു.
പ്രധാമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌, കോണ്‍ഗ്രസ്‌, സി.പി.എം, സി.പി.ഐ, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍, പോഷക സംഘനാ ഭാരവാഹികള്‍, സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ബിഷപ്പ്‌ ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ തുടങ്ങിയവര്‍ക്ക്‌ ഇതു സംബന്ധിച്ച്‌ അദ്ദേഹം കത്തയച്ചു. നേരത്തെ ഇതേ ആവശ്യമുന്നയിച്ച്‌ യേശുദാസ്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിക്ക്‌ നിവേദനം നല്‍കിയിരുന്നു.

2009 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

മരുന്നുകളുടെ അമിതവില ; ആന്‍റണിക്ക് യേശുദാസ് നിവേദനം നല്‍കി

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക്‌ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ജനപക്ഷം മുഖ്യ രക്ഷാധികാരി കെ.ജെ. യേശുദാസ്‌ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണിക്ക്‌ നിവേദനം നല്‍കുന്നു. ബെന്നി ജോസഫ്‌,ടോണി ചമ്മണി എന്നിവര്‍ സമീപം.
കൊച്ചി: ജീവന്‍ രക്ഷാ മരുന്നു വില്‍പ്പനയിലെ വ്യാപകമായ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ജനപക്ഷം കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്ക്‌ നിവേദനം നല്‍കി. ജനപക്ഷം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും ഉള്‍പ്പെടുന്ന നിവേദനം മുഖ്യരക്ഷാധികാരി ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസാണ്‌ ഇന്നു രാവിലെ എറണാകുളം ഗസ്റ്റ്‌ഹൗസില്‍ ആന്റണിക്ക്‌ സമര്‍പ്പിച്ചത്‌. ജനപക്ഷം സംസ്ഥാന കണ്‍വീനര്‍ ബെന്നി ജോസഫും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
മരുന്നുകള്‍ പാവപ്പെട്ടവര്‍ക്ക്‌ ന്യായവിലയ്‌ക്ക്‌ ലഭിക്കുന്നതിന്‌ ത്വരിത നടപടി സ്വീകരിക്കണമെന്ന്‌ അവര്‍ മന്ത്രിയോട്‌ അഭ്യര്‍ത്ഥിച്ചു. ഒരേ കമ്പനിയുടെ മരുന്ന്‌ ഒരേ മെഡിക്കല്‍ ഷോപ്പില്‍നിന്ന്‌ എട്ടുതവണ വാങ്ങിയപ്പോള്‍ വ്യത്യസ്‌ത വിലകള്‍ ഈടാക്കിയതിന്റെ രേഖകളാണ്‌ ക്രമക്കേടിനുള്ള സുപ്രധാന തെളിവായി ജനപക്ഷം സമര്‍പ്പിച്ചിരിക്കുന്നത്‌. 65,499 രൂപ എം.ആര്‍.പിയുള്ള മരുന്നാണ്‌ ഇങ്ങനെ വിവിധ വിലകള്‍ക്ക്‌ വില്‍ക്കുന്നത്‌. ഇതിന്റെ യഥാര്‍ത്ഥ വില കേവലം 8000 രൂപ മാത്രമാണെന്ന്‌ യേശുദാസും ബെന്നിയും ചൂണ്ടിക്കാട്ടി.
ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ നടപടിയെടുക്കേണ്ട സംവിധാനങ്ങള്‍ നിശ്ചലമാണ്‌. കാന്‍സര്‍ ബാധയും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവന്‍രക്ഷാ മരുന്നുകളുടെ വില്‍പ്പനയിലെ പകല്‍ക്കൊള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നു.
മരുന്നുകള്‍ക്ക്‌ എം.ആര്‍.പി നിശ്ചയിക്കുന്നതിന്‌ നിയതമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണം. ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക്‌ വില വര്‍ധിപ്പിക്കുമ്പോള്‍പോലും നടപടിയെടുക്കുന്ന നാട്ടില്‍ മരുന്നുകളുടെ വിലനിര്‍ണയത്തില്‍ നിയന്ത്രണങ്ങളില്ലാത്തതിന്‌ നീതീകരണമില്ല. ഈ മേഖലയിലെ എല്ലാ ക്രമക്കേടുകളും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം.
രാഷ്‌ട്രീയ മേഖലയിലെ ആദര്‍ശശാലികളില്‍ ഒരാളെന്ന നിലയ്‌ക്കാണ്‌ ആന്റണിക്ക്‌ നിവേദനം നല്‍കിയതെന്ന്‌ യേശുദാസ്‌ പറഞ്ഞു. വിശദാംശങ്ങള്‍ പരിശോധിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കാമെന്ന്‌ ആന്റണി വ്യക്തമാക്കി.
(മീഡിയഹബ് ന്യൂസ്)

2009 ജൂലൈ 6, തിങ്കളാഴ്‌ച

വഴിതെറ്റിയത് ആര്‍ക്ക്?


സുനില്‍ ജോസഫ്
മീഡീയ ഹബ് ഫീച്ചര്‍ സര്‍വീസ്

മക്കള്‍ നല്ലവരായി വളരണമെന്ന്‌ ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. മക്കള്‍ക്കുവേണ്ടിയാണ്‌ അവരുടെ ജീവിതവും അധ്വാ നവുമത്രയും. പക്ഷെ, എല്ലാവരും സല്‍സ്വഭാവികളും ആര്‍ശശുദ്ധിയുള്ളവരുമായി വളരാറില്ല. മദ്യത്തിനും മയക്കുമരുന്നിനും മറ്റ്‌ ദുഷ്‌പ്രവണതകള്‍ക്കും അടിമകളായി നാടിനും വീടിനും വേണ്ടാത്ത, സാമൂഹ്യദ്രോഹികളായ മക്കളെയോര്‍ത്ത്‌ കണ്ണീരൊഴുക്കുന്ന നിരവധി മാതാപിതാക്കള്‍ നമുക്കു ചുറ്റുമുണ്ട്‌.
----------------------------------------------------------------
----------------------------------------------------------------

ബാല്യത്തില്‍ ശാസിക്കുമ്പോള്‍ അവരുടെ വ്യക്തിത്വത്തിന്‌ മുറിവേല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മറ്റുള്ളരുടെ മുന്നില്‍വെച്ച്‌ സ്വന്തം മകനെ നോക്കി `ഇവന്‍ ഒരു കുഴിമടിയനാണ്‌' `എന്റേത്‌ ഇതുപോലെ തലതെറിച്ച ഒരു സന്തതിയായിപ്പോയല്ലോ' എന്നിങ്ങനെ ആക്രോശിക്കുമ്പോള്‍ അവനെ വികലവ്യക്തിത്വമുള്ളവനും നാടിനും വീടിനും വേണ്ടത്തവനുമാക്കി മാറ്റുകയാണെന്നതില്‍ സംശയം വേണ്ട. എപ്പോഴും വിമര്‍ശനങ്ങളും ഭര്‍ത്സനങ്ങളും കുറ്റാരോപണങ്ങളും ഏറ്റുവാങ്ങി വളരുന്ന കുട്ടി സാമൂഹ്യവിരുദ്ധനായി മാറിയാല്‍ അത്ഭുതപ്പെടാനില്ല. നേരേ മറിച്ച്‌ അംഗീകരിക്കുന്നതിലും അഭിനന്ദിക്കുന്നതിലും പിശുക്കു കാട്ടാത്തവരുടെ മക്കള്‍ ആത്മാഭിമാനവും നല്ല വ്യക്തിത്വവുമുള്ളവരായി വളരും. അവരും മറ്റുള്ളവരെ ആദരിക്കുകയും അംഗീകരിക്കുകയും ബഹുമാനിക്കുകയുംചെയ്യും.
----------------------------------------------------------------------
(ഫീച്ചര്‍ വാങ്ങാന്‍ ബന്ധപ്പെടുക -mediahubfeatures@gmail.com)

2009 ജൂലൈ 3, വെള്ളിയാഴ്‌ച

റോട്ടറി ഹൃദയശസ്ത്രക്രിയാസഹായ പദ്ധതി ഉദ്ഘാടനം ജൂലൈ അഞ്ചിന്

കൊച്ചി: ആയിരം ഹൃദ്രോഗികള്‍ക്ക്‌ ശസ്‌ത്രക്രിയാ സഹായം നല്‍കുന്നതിന്‌ ഹാര്‍ട്ട്‌ കെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന്‌ റോട്ടറി ക്ലബ്‌ ഓഫ്‌ കൊച്ചിന്‍ ഗ്ലോബല്‍ നടപ്പാക്കുന്ന പദ്ധതി ജൂലൈ 5 ന് ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം ഏഴിന്‌ കലൂര്‍ ഐ.എം.എ ഹൗസില്‍ ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച ചടങ്ങിലാണ്‌ പദ്ധതിയുടെ പ്രഖ്യാപനവും ഉദ്‌ഘാടനവും നടക്കുക.
റോട്ടറി ക്ലബ്‌ ഓഫ്‌ കൊച്ചിന്‍ ഗ്ലോബല്‍ പ്രസിഡന്റ്‌ ഡോ. തോമസ്‌ പോള്‍ ഹാര്‍ട്ട്‌ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്‌ സഹായധനത്തിന്റെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപ കൈമാറും.
ആയിരം ഹൃദയങ്ങളെയും ജീവിതങ്ങളെയും കുടുംബ ങ്ങളെയും രക്ഷിക്കുക(Save 1000 hearts, 1000 lives, 1000 families) എന്ന പേരില്‍ നടത്തുന്ന ദശവര്‍ഷ പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജ്‌ ആശുപത്രികളിലായി പ്രതിവര്‍ഷം 100 ശസ്‌ത്രക്രികള്‍ക്ക്‌ സഹായം നല്‍കാനാണ്‌ ലക്ഷ്യമിടുന്നത്‌. നിര്‍ധന രോഗികള്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുക. ഓരോ രോഗിക്കുംവേണ്ടി പരമാവധി 25000 രൂപ വീതം ബന്ധപ്പെട്ട ആശുപത്രിക്ക്‌ ഫൗണ്ടേഷന്‍ മുഖേന നല്‍കുമെന്ന്‌ ഡോ. തോമസ്‌ പോള്‍ അറിയിച്ചു.
ഫൗണ്ടേഷന്‍ ഇതുവരെ മുന്നൂറിലേറെപ്പേരുടെ ഹൃദയശസ്‌ത്രക്രിയ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്‌. പുതിയ പദ്ധതിപ്രകാരം സഹായം ആവശ്യമുള്ള രോഗികള്‍ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടും കുടുംബത്തിന്റെ വരുമാനം സംബന്ധിച്ച രേഖകളും ഉള്‍പ്പെടെ ഫൗണ്ടേഷന്‌ അപേക്ഷ നല്‍കണം.
സേവ്‌ എ ലൈഫ്‌, സേവ്‌ എ ലൈഫ്‌ടൈം എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തിക്കാനും റോട്ടറി ക്ലബ്‌ ഓഫ്‌ കൊച്ചിന്‍ ഗ്ലോബല്‍ ലക്ഷ്യമിടുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ഇതനുസരിച്ച്‌ അംഗങ്ങള്‍ പരിശീലനം സിദ്ധിച്ച ഡോക്‌ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ക്ലബുകളും സംഘടനകളും മറ്റും സന്ദര്‍ശിച്ച്‌ പൊതു സ്ഥലത്ത്‌ ഹൃദയസ്ഥംഭനമുണ്ടാകുന്നവരുടെ പരിചരണത്തിനുള്ള അടിസ്ഥാന ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കും.
ശസ്‌ത്രക്രിയാ സഹായം ആവശ്യമുള്ളവര്‍ 9388604125, 9846033444 എന്നീ ടെലിഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന്‌ ഡോ. തോമസ്‌ പോള്‍ അറിയിച്ചു.

2009 ജൂൺ 17, ബുധനാഴ്‌ച

മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനം:റിയല്‍ ഹീറോ പട്ടികയില്‍ മലയാളി വനിതയും








ഡോ.സുനിത കൃഷ്ണന്‍

കൊച്ചി/ഹൈദരാബാദ്: മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളിലെ മികവിനെ അടിസ്ഥാനമാക്കി അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തയ്യാറാക്കിയ റിയല്‍ ഹീറോ പട്ടികയില്‍ മലയാളി വനിതയും. ഹൈദരാബാദ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
മനുഷ്യാവകാശ സംഘടനയായ പ്രജ്വലയുടെ സ്ഥാപക സുനിത കൃഷ്‌ണനാണ്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ചൊവ്വാഴ്‌ച്ച പ്രകാശനം ചെയ്‌ത ട്രാഫിക്കിംഗ്‌ ഇന്‍ പേഴ്‌സണ്‍സ്‌ റിപ്പോര്‍ട്ടില്‍ ഇടംനേടിയത്‌.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ്‌ സുനിത. വെറ ലെസ്‌കൊ(അല്‍ബേനിയ), ബെഞ്ചമിന്‍ പെറിന്‍(കാനഡ), മരിലിയാന മൊരാലെസ്‌ ബെറിയോസ്‌(കോസ്റ്ററിക്ക), മേജര്‍ ജോര്‍ജ്‌ വാനികിയോതിസ്‌(ഗ്രീസ്‌), എല്ലെ അനിത(ഇന്തോനേഷ്യ), അയ്‌ദ അബുറാസ്‌(ജോര്‍ദാന്‍), ആലിസ്‌ നാഹ്‌(മലേഷ്യ), ഇനാസിയോ സെബസ്റ്റ്യാനോ മുസ്സാന്‍ഹെയ്‌ന്‍(മൊസാംബിക്‌)എന്നിരാണ്‌ സുനിതയ്‌ക്കു പുറമെ റിയല്‍ ഹീറോ പട്ടികയിലുള്ളത്‌. 170 രാജ്യങ്ങളിലെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്‌.
പാലക്കാട്‌ താമരപ്പാടം രാജു കൃഷ്‌ണന്‍-നളിനി ദമ്പതികളുടെ മകളാണ്‌ സുനിത. വ്യഭിചാര കേന്ദ്രമായിരുന്ന മെഹ്‌ബൂബ്‌ കി മെഹ്‌ന്ദി കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന്‌ തെരുവിലായവരുടെ പുരധിവാസം ലക്ഷ്യമിട്ട്‌ തൊടുപുഴ സ്വദേശിയായ ബ്രദര്‍ ജോസ്‌ വെട്ടിക്കലിനൊപ്പം 1997ല്‍ പ്രജ്വല എന്ന പേരില്‍ ട്രാന്‍സിഷന്‍ സ്‌കൂള്‍ തുറന്നുകൊണ്ടാണ്‌ ഹൈദരാബാദിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സുനിത തുടക്കം കുറിച്ചത്‌. ഇന്ന്‌ രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലൊന്നാണിത്‌. 2005ല്‍ ബ്രദര്‍ ജോസ്‌ മരമണടഞ്ഞശേഷം സുനിത തനിച്ചാണ്‌ പ്രജ്വലയെ നയിക്കുന്നത്‌.
ലൈംഗീക ചൂഷണത്തിനുവേണ്ടി നാടുകടത്തപ്പെടുന്ന കുട്ടികളുടെയും സ്‌ത്രീകളുടെയും സംരക്ഷണം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന പ്രജ്വല കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകളെ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്‌. ആന്ധ്രാപ്രദേശില്‍ വിവിധ സ്ഥലങ്ങളിലായി ലൈംഗീക തൊഴിലാളികളുടെ മക്കള്‍ക്കുവേണ്ടി പതിനേഴ്‌ ട്രാന്‍സിഷന്‍ സ്‌കൂളുകള്‍ നടത്തുന്നു. കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസവും തൊഴിലവസരവും തരപ്പെടുത്തി അവരുടെ അമ്മമാരെ വേശ്യാവൃത്തിയില്‍നിന്ന്‌ മോചിപ്പിക്കുകയാണ്‌ പ്രധാന പ്രവര്‍ത്തനരീതി. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെയുംമറ്റും രീതിയില്‍ മനുഷ്യക്കടത്തിനെതിരായ ബോധവത്‌കരണവും നടത്തിവരുന്നു.
യുണൈറ്റഡ്‌ നേഷന്‍സ്‌ അസോസിയേഷന്‍ ഓഫ്‌ ദ നാഷണല്‍ ക്യാപ്പിറ്റല്‍ ഏരിയ(യു.എന്‍.എ.എന്‍.സി.എ)യുടെ പെര്‍ഡിറ്റ ഹുസ്റ്റണ്‍ അവര്‍ഡ്‌, വേള്‍ഡ്‌ ഓഫ്‌ ചില്‍ഡ്രണ്‍ അവാര്‍ഡ്‌, അറബ്‌ ഗള്‍ഫ്‌ ഫണ്ട്‌ അവാര്‍ഡ്‌, സ്‌ത്രീശക്തി ഇന്ത്യ പുരസ്‌കാരം, ദേശീയ ശിശുക്ഷേമ അവാര്‍ഡ്‌, സി.എന്‍.എന്‍-ഐബി.എന്‍ റിയല്‍ ഹീറോ അവാര്‍ഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങള്‍ സുനിതയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌ ടച്ച്‌റിവറാണ്‌ ഭര്‍ത്താവ്‌.
-----------------------

2009 ജൂൺ 1, തിങ്കളാഴ്‌ച

കമല സുരയ്യ ഫോട്ടോ


ഞായറാഴ്ച്ച പൂനയില്‍ അന്തരിച്ച സാഹിത്യകാരി കമല സുരയ്യയുടെ മൃതദേഹം ഇന്ന്(ജൂണ്‍1) തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍-എം.എച്ച്.പി.എസ്

സ്മാര്‍ട്ട്സിറ്റി ;സ്വതന്ത്രാവകാശം ഉറപ്പുനല്‍കണമെന്ന് ടീകോം

കൊച്ചി:സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി പ്രദേശത്തെ ഭൂമിയുടെ സ്വതന്ത്രാവകാശം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്ന്‌ സ്‌മാര്‍ട്ട്‌ സിറ്റി ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ ഫരീദ്‌ അബ്‌ദുള്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യം ടീകോമിനെയും കൊച്ചി പദ്ധതിയെയും ബാധിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ്‌ ഫരീദ്‌ അബ്‌ദുള്‍ റഹ്‌മാനും സംഘവും കൊച്ചിയിലെത്തി മാധ്യമ പ്രവര്‍ത്തകരോട്‌ വിവരങ്ങള്‍ വിശദീകരിച്ചത്‌. സര്‍ക്കാര്‍ പ്രതിനിധികളുമായി സംഘം ഔദ്യോഗിക കൂടിക്കാഴ്‌ച്ച നടത്തുന്നില്ലെന്നാണ്‌ വിവരം.

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയെ സാമ്പത്തിക മാന്ദ്യവുമായി ബന്ധിപ്പിക്കുന്നതിന്റെ അടിസ്ഥാനം അറിയില്ല. ദുബായില്‍ അന്വേഷിച്ചാല്‍ ടീകോമിനെ മാന്ദ്യം ബാധിച്ചോ എന്ന്‌ വ്യക്തമാകും. കൊച്ചിയിലെ ഓഫീസ്‌ അടച്ചത്‌ തല്‍ക്കാലത്തേക്കു മാത്രമാണ്‌. സ്വതന്ത്രാവകാശം ആവശ്യപ്പെടുന്നത്‌ ദുബായ്‌ സ്‌മാര്‍ട്ട്‌ സിറ്റിയല്ല, സ്‌മാര്‍ട്ട്‌സിറ്റി കൊച്ചി എന്ന കമ്പനിയാണ്‌. ഇതിനായി കഴിഞ്ഞ ഡിസംബര്‍മുതല്‍ അധികൃതരുമായി സംസാരിച്ചുവരികയാണ്‌. ഉറപ്പുലഭിച്ചാല്‍മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയൂ. സമവായമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റു വഴികള്‍ തേടേണ്ടിവരും. പദ്ധതിയുടെ കാര്യത്തില്‍ കമ്പനി ഇപ്പോഴും ശുഭാപ്‌തിവിശ്വാസത്തിലാണ്‌-അദ്ദേഹം വ്യക്തമാക്കി.
-എം.എച്ച്.എന്‍.എസ്
കമല സുരയ്യ കൊച്ചിയിലെ വീട്ടില്‍ മകന്‍ എം.ഡി. നാലപ്പാട്ടിനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമൊപ്പം-എം.എച്ച്.പി.എസ്

2009 മേയ് 31, ഞായറാഴ്‌ച

അക്ഷര കേരളത്തിന്‍റെ അന്ത്യപ്രണമാം-കമല സുരയ്യയുടെ സംസ്കാരം ചൊവ്വാഴ്ച്ച

കഴിഞ്ഞ ദിവസം പൂനയില്‍ അന്തരിച്ച വിഖ്യാത എഴുത്തുകാരി കമല സുരയ്യക്ക് മലയാളത്തിന്‍റെ അന്ത്യാഞ്ജലി. വിമാനമാര്‍ഗം രാവിലെ എത്തിച്ച ഭൗതിക ശരീരം ഒരുനോക്കു കാണാന്‍ നെടുന്പാശ്ശേരി വിമാനത്താവളം മുതല്‍ എല്ലായിടത്തും വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എം.എ. ബേബി, എസ്. ശര്‍മ, ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രന്‍ തുടങ്ങിയവരും എം.എല്‍.എ മാരും വിമാനത്താവളത്തിലെത്തിയിരുന്നു.
നെടുന്പാശ്ശേരിയില്‍നിന്നും തൃശൂരിലേക്കു കൊണ്ടുപോയ ഭൗതിക ശരീരം സാഹിത്യ അക്കാദമി പൊതുദര്‍ശനത്തിനുവെച്ചു. പ്രമുഖ സാഹിത്യകാരന്‍മാര്‍ ഉള്‍പ്പെടെ ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ള ഒട്ടേറെയാളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
എറണാകുളം ടൗണ്‍ ഹാള്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം വി.ജെ.ടി ഹാള്‍ എന്നിവിടങ്ങളിലെ പൊതു ദര്‍ശനത്തിനുശേഷം നാളെ(ചൊവ്വ)തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടത്തും
-എംഎച്ച്എന്‍എസ്

2009 മേയ് 16, ശനിയാഴ്‌ച

ആഹ്ലാദപ്പെരുമഴ-ഫോട്ടോ


ലോക് സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പ്രഫ.കെ.വി തോമസും(എഫണാകുളം) കെ.പി. ധനപാലനും(ചാലക്കുടി) കാക്കനാട് എറണാകുളം കലക്ടറേറ്റില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം.
-എം.എച്ച്.പി.എസ്

എറണാകുളം ലോക് സഭാ മണ്ധലം- വോട്ടിംഗ് നില

പ്രഫ. കെ.വി. തോമസ്‌ (കോണ്‍ഗ്രസ്‌) - 342845
സിന്ധുജോയി (സി.പി.എം) - 33105Text Color5
എ.എന്‍. രാധാകൃഷ്‌ണന്‍ (ബി.ജെ.പി) - 52968
ഷെരീഫ്‌ മുഹമ്മദ്‌ (ബി.എസ്‌.പി) - 4083
മേരി ഫ്രാന്‍സിസ്‌ (സ്വത) - 3134
സിന്ധു ജയന്‍ (സ്വത) - 3004
കെ.എസ്‌. സിന്ധു (സ്വത) - 2734
സജി തുരുത്തിക്കുന്നേല്‍ (സ്വത) - 831
വിശ്വംഭരന്‍ (സ്വത) - 1313
സാജു തോമസ്‌ (എല്‍.ജെ.പി) - 2902
ഭൂരിപക്ഷം - 11790

യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍
നേടിയ വോട്ടുകള്‍ നിയസഭാ മണ്ധലാടിസ്ഥാനത്തില്‍
തൃക്കാക്കര - പ്രഫ. കെ.വി. തോമസ്‌ 51398, സിന്ധു ജോയി - 40876
എറണാകുളം - പ്രഫ. കെ.വി. തോമസ്‌ 41911, സിന്ധു ജോയി - 31181
തൃപ്പൂണിത്തുറ - പ്രഫ. കെ.വി. തോമസ്‌ 49877, സിന്ധു ജോയി - 55940
കൊച്ചി - പ്രഫ. കെ.വി. തോമസ്‌ 50476, സിന്ധു ജോയി - 43450
വൈപ്പിന്‍ - പ്രഫ. കെ.വി. തോമസ്‌ 48648, സിന്ധു ജോയി - 48414
പറവൂര്‍ - പ്രഫ. കെ.വി. തോമസ്‌ 52794, സിന്ധു ജോയി - 58626
കളമശ്ശേരി - പ്രഫ. കെ.വി. തോമസ്‌ 47425, സിന്ധു ജോയി - 51824
പോസ്റ്റല്‍ - പ്രഫ. കെ.വി. തോമസ്‌ 306, സിന്ധു ജോയി 744

എറണാകുളം മണ്ധലത്തിലെ വോട്ടിംഗ് നില

പ്രഫ. കെ.വി. തോമസ്‌ (കോണ്‍ഗ്രസ്‌) - 342845

സിന്ധുജോയി (സി.പി.എം) - 331055

എ.എന്‍. രാധാകൃഷ്‌ണന്‍ (ബി.ജെ.പി) - 52968

ഷെരീഫ്‌ മുഹമ്മദ്‌ (ബി.എസ്‌.പി) - 4083

മേരി ഫ്രാന്‍സിസ്‌ (സ്വത) - 3134

സിന്ധു ജയന്‍ (സ്വത) - 3004

കെ.എസ്‌. സിന്ധു (സ്വത) - 2734

സജി തുരുത്തിക്കുന്നേല്‍ (സ്വത) - 831

വിശ്വംഭരന്‍ (സ്വത) - 1313

സാജു തോമസ്‌ (എല്‍.ജെ.പി) - 2902

ഭൂരിപക്ഷം - 11790



യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍ നിയസഭാ മണ്ധലത്

നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പ്രധാന സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍ തൃക്കാക്കര - പ്രൊഫ. കെ.വി. തോമസ്‌ 51398, സിന്ധു ജോയി - 40876എറണാകുളം - പ്രൊഫ. കെ.വി. തോമസ്‌ 41911, സിന്ധു ജോയി - 31181തൃപ്പൂണിത്തുറ - പ്രൊഫ. കെ.വി. തോമസ്‌ 49877, സിന്ധു ജോയി - 55940കൊച്ചി - പ്രൊഫ. കെ.വി. തോമസ്‌ 50476, സിന്ധു ജോയി - 43450വൈപ്പിന്‍ - പ്രൊഫ. കെ.വി. തോമസ്‌ 48648, സിന്ധു ജോയി - 48414പറവൂര്‍ - പ്രൊഫ. കെ.വി. തോമസ്‌ 52794, സിന്ധു ജോയി - 58626കളമശ്ശേരി - പ്രൊഫ. കെ.വി. തോമസ്‌ 47425, സിന്ധു ജോയി - 51824പോസ്റ്റല്‍ - പ്രൊഫ. കെ.വി. തോമസ്‌ 306, സിന്ധു ജോയി 744

പ്രഫ. കെ.വി. തോമസ് ജീവിതരേഖ


തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പ്രഫ. കെ.വി. തോമസിന് എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ നല്‍കിയ വരവേല്‍പ്പ്- എം.എച്ച്.പി.എസ്
---------------------------------------------------------
എറണാകുളം കുന്പളങ്ങി കുറുപ്പശ്ശേരി വര്‍ക്കി-റോസ ദമ്പതികളുടെ മകന്‍. ജനനം-1946 മെയ്‌ 10. കെമിസ്‌ട്രിയില്‍ ബിരുദാനന്തര ബിരുദധാരി. തേവര എസ്‌.എച്ച്‌. കോളേജിലെ മുന്‍ പ്രഫസര്‍.
1970ല്‍ കുമ്പളങ്ങി പഞ്ചായത്തിലെ ആറാം വാര്‍ഡ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റായി രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌, കെ.പി.സി.സി ട്രഷറര്‍, എ.ഐ.സി.സി അംഗം, ഐ.എന്‍.ടി.യു.സി ഓര്‍ഗനൈസിങ്‌ സെക്രട്ടറി, ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
1984 മുതല്‍ 12 വര്‍ഷക്കാലം ലോക്‌സഭയില്‍ എറണാകുളത്തെ പ്രതിനിധീകരിച്ചു. 2001 മുതല്‍ നിയമസഭാംഗം. 2001 മുതല്‍ 2004 വരെ സംസ്ഥാന ഫിഷറീസ്‌, ടൂറിസം വകുപ്പ്‌ മന്ത്രിയായിരുന്നു.തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളുടെയും ലക്ഷദ്വീപിന്റെയും എ.ഐ.സി.സി നീരീക്ഷകനായി വിവിധ കാലഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്‌ഡലത്തില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എ.എ. കൊച്ചുണ്ണിയെ പരാജയപ്പെടുത്തി തോമസ്‌ പാര്‍ലമെന്ററി രാഷ്‌ട്രീയരംഗത്ത്‌ സജീവമായി. 1989ല്‍ ജസ്റ്റിസ്‌ സുബ്രഹ്‌മണ്യം പോറ്റി, 91ല്‍ വി. വിശ്വനാഥമേനോന്‍ എന്നിവര്‍ തോമസിനു മുന്നില്‍ അടിയറവു പറഞ്ഞു. 1996ലെ തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രന്‍ സേവ്യര്‍ അറക്കലിനോട്‌ പരാജയപ്പെട്ടു.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത്‌ ഡോ. സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി. 2006ല്‍ എം.എം. ലോറന്‍സിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി.2003ല്‍ മികച്ച ടൂറിസം മന്ത്രിക്കുള്ള പസഫിക്‌ ഏഷ്യ ട്രാവല്‍ റൈറ്റേഴ്‌സ്‌ അസോസിയേഷന്‍ പുരസ്‌കാരം ലഭിച്ചു.
കുമ്പളങ്ങി മോഡല്‍ ടൂറിസം വില്ലേജ്‌ പദ്ധതി ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി പദ്ധതികള്‍ക്ക്‌ നേതൃത്വം നല്‍കി.
ഭാര്യ: ഷെര്‍ളി. മക്കള്‍: ബിജു തോമസ്‌, രേഖ തോമസ്‌, ഡോ. ജോ തോമസ്‌. മരുമക്കള്‍: ലക്ഷ്‌മി പ്രിയദര്‍ശിനി, ടോണി, ഡോ. അന്നു.

പടയോട്ടം-ഫോട്ടോ

പടയോട്ടം...
ലോക് സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് എറണാകുളത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകനം
-ഫോട്ടോ. എ.എസ്. സതീഷ് മീഡിയ ഹബ് ഫോട്ടോ സര്‍വീസ്

വിജയകാഹളം


വിജയകാഹളം...എറാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനം
-ഫോട്ടോ. എ.എസ്. സതീഷ് മീഡിയ ഹബ് ഫോട്ടോ സര്‍വീസ്

യു.ഡി.എഫിനെ വിറപ്പിച്ച് സിന്ധു കീഴടങ്ങി

മീഡിയ ഹബ് ന്യൂസ് സര്‍വീസ്
കൊച്ചി: ഇടതു മുന്നണിക്ക്‌ അമിത പ്രതീക്ഷയില്ലാതിരുന്ന എറണാകുളം മണ്ഡലത്തില്‍ സിന്ധു ജോയിയുടെ പരാജയത്തിനും വിജയത്തെ വെല്ലുന്ന മധുരം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി പ്രഫ. കെ.വി. തോമസിനെയും മുന്നണിയെയും വിറപ്പിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി അവസാന ഘട്ടത്തിലാണ്‌ കീഴടങ്ങിയത്‌.
എന്‍.എസ്‌.യു അഖിലേന്ത്യാ പ്രസിഡന്റ്‌ ഹൈബി ഈഡനെ അട്ടിമറിച്ച്‌ സ്ഥാനാര്‍ത്ഥിത്വം നേടിയത്‌ കെ.വി. തോമസിന്‌ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളെ ശരിവെക്കുംവിധമായിരുന്നു വോട്ടെണ്ണലിലെ സൂചനകള്‍. കോഴിക്കോട്‌ ഒഴികെ വിജയിച്ച മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ വിശ്വസ്ഥന്‍ എന്നറിയപ്പെടുന്ന കെ.വി. തോമസ്‌ അവസാന നിമിഷം കഷ്‌ടിച്ചു കടന്നുകൂടേണ്ട ഗതികേടിലായി എന്നതും ശ്രദ്ധേയമാണ്‌.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ അപ്രതീക്ഷിതമായ മുന്നേറ്റമാണ്‌ എസ്‌.എഫ്‌.ഐ നേതാവായ സിന്ധു നടത്തിയത്‌. 70 ശതമാനത്തിലേറെ വോട്ടുകള്‍ എണ്ണിത്തീരുമ്പോഴും ലീഡ്‌ നിലനിര്‍ത്താന്‍ സിന്ധുവിനായതോടെ ഇടതു മുന്നണിക്ക്‌ എറണാകുളത്ത്‌ പ്രതീക്ഷയേറി. ഫലം ഉറപ്പിക്കാനാവില്ലെങ്കിലും ലീഡ്‌ വര്‍ധിക്കുമെന്നും വിജയം നേടാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി സിന്ധു മാധ്യമ പ്രവര്‍ത്തകരോട്‌ വ്യക്തമാക്കുകയും ചെയ്‌തു.
വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ ചിത്രം മാറി മറിയുകയായിരുന്നു. ഒരു വേള ഒന്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക്‌ പിന്നിട്ടു നിന്നിരുന്ന പ്രഫ. കെ.വി. തോമസ്‌ 49 വോട്ടിന്റെ മുന്‍തൂക്കവുമായാണ്‌ തിരിച്ചുവരവിന്‌ തുടക്കം കുറിച്ചത്‌.
തുടര്‍ന്നങ്ങോട്ട്‌ സാഹചര്യം തോസമിന്‌ അനുകൂലമായി തുടരുകയായിരുന്നു. ഒടുവില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ അത് 11790ലെത്തി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകത തന്നെയാണ്‌ എറണാകുളത്ത്‌ കോണ്‍ഗ്രസിന്‌ അനാവശ്യമായ ആശങ്കയ്‌ക്ക്‌ വഴിതെളിച്ചതെന്ന്‌ പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.ഒരു വേള തോമസിന്റെ തോല്‍വി ഉറപ്പിച്ച മട്ടില്‍ കോണ്‍ഗ്രസ്‌ നേതൃത്വം പ്രതികരിക്കുകയും ചെയ്‌തു. എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടോ എന്ന്‌ പരിശോധിക്കേണ്ടിയിരിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഒരു ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
ഹെബി ഈഡനെ ഒഴിവാക്കുന്നതിന്‌ തോമസ്‌ നടത്തിയ കരുനീക്കങ്ങള്‍ പ്രതിഷേധ വോട്ടുകള്‍ക്ക്‌ വഴിതെളിച്ചതായി വി.ഡി. സതീശന്‍ എം.എല്‍.എ വ്യക്തമാക്കി. പക്ഷെ, പാര്‍ട്ടി കൈവിട്ടശേഷം തോമസ്‌ കടന്നുകൂടുകയായിരുന്നു.
മറുഭാഗത്ത്‌ സിന്ധു ജോയിക്കു പകരം എല്‍.ഡി.എഫ്‌ സ്വതന്ത്രന്‍ മത്സരിച്ചിരുന്നെങ്കില്‍ എറണാകുളത്ത്‌ അനായാസ വിജയം നേടാനാകുമായിരുന്നു എന്നാണ്‌ ഇടതു മുന്നണി ക്യാമ്പിലെ വിലയിരുത്തല്‍.
-എം.എച്ച്.എന്‍.എസ്

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls