കൊച്ചി: ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. വിംഗ് കുന്‍ ടാമിന്റെ ദക്ഷിണേന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25ന് ഡിസ്ട്രിക്ട് 324 ഇ 4ന്റെ ആഭിമുഖ്യത്തില്‍ രണ്ടു ലക്ഷം വൃക്ഷത്തൈകള്‍ നടും. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 1500 കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ടി.എ. വര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജി. രാമസ്വാമി വിഭാവനംചെയ്ത ലയണ്‍സ് ഗ്രീന്‍ റവല്യൂഷന്‍ പദ്ധതിയിന്‍കീഴില്‍ ദക്ഷിണേന്ത്യയിലെ 30 ലയണ്‍സ് ഡിസ്ട്രിക്ടുകളിലുമായി ആറു മണിക്കൂറിനുള്ളില്‍ നാല്‍പ്പതു ലക്ഷം വൃക്ഷത്തൈകളാണ് അന്ന് നടുക. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി ആഗോള താപനത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തിയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാന്‍ സഹായകമാകുമെന്ന് ഡോ. വര്‍ക്കി ചൂണ്ടിക്കാട്ടി.
25നു രാവിലെ 10ന് വൈറ്റില മൊബിലിറ്റി ഹബ്ബിലാണ് ഡിസ്ട്രിക്ട് 324 ഇ4ലെ പ്രധാന പരിപാടി നടക്കുക. വൈകുന്നേരം നാലുവരെ നീണ്ടു നില്‍ക്കുന്ന വൃക്ഷത്തൈ നടീലിന് വിവിധ കേന്ദ്രങ്ങളില്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ക്ലബ്ബ് ഭാരവാഹികളും നേതൃത്വം നല്‍കും. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ ക്ലബ്ബുകള്‍ക്കും നല്‍കിയിട്ടുണ്ട്.
വൃക്ഷത്തൈകള്‍ വിതരണംചെയ്യുന്നതും പൊതു സ്ഥലങ്ങളിലും മറ്റും നടുന്നതും ഉള്‍പ്പെടെയുള്ള പതിവു രീതികളില്‍നിന്ന് വിഭിന്നമായി നടുന്ന തൈകളുടെ പരിപാലനംകൂടി ഉറപ്പാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഡോ. വര്‍ക്കി പറഞ്ഞു. പ്രധാനമായും സ്‌കൂള്‍ പരിസരങ്ങളും മതസ്ഥാപനങ്ങളും മറ്റുമാണ് തൈകള്‍ നടുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്‌കൂളുകള്‍-1000, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍-300, മതസ്ഥാപനങ്ങള്‍-100, ശ്മശാനങ്ങള്‍-50, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍- 40, റോഡുകള്‍/പാര്‍ക്കുകള്‍-10 എന്നിങ്ങനെയാണ് കേന്ദ്രങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്.
എല്ലാ കേന്ദ്രങ്ങളിലും 150 മുതല്‍ 200 വരെ തൈകള്‍ നടും. ഇതിനോടകംതന്നെ ഡിസ്ട്രിക്ടിലെ വിവിധ ക്ലബുകള്‍ 69,200 വൃക്ഷത്തൈകള്‍ വനംവകുപ്പ് ഓഫീസില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. അന്‍പതു ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. തേക്ക്, മഹാഗണി, വേപ്പ്, മാവ്, പ്ലാവ്, പേര, കൊന്ന, മന്ദാരം, കരിങ്ങാലി, കൂവളം, അശോകം തുടങ്ങിയ വൃക്ഷങ്ങളാണ് നടുന്നത്.
ലയണ്‍സ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി കോശി പണിക്കര്‍, ഗ്രീന്‍ റവല്യൂഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ എ. രാജന്‍, വിദ്യാധരമേനോന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.