
ഡോ.സുനിത കൃഷ്ണന്‍
കൊച്ചി/ഹൈദരാബാദ്: മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളിലെ മികവിനെ അടിസ്ഥാനമാക്കി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ റിയല്‍ ഹീറോ പട്ടികയില്‍ മലയാളി വനിതയും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
മനുഷ്യാവകാശ സംഘടനയായ പ്രജ്വലയുടെ സ്ഥാപക സുനിത കൃഷ്‌ണനാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ചൊവ്വാഴ്‌ച്ച പ്രകാശനം ചെയ്‌ത ട്രാഫിക്കിംഗ് ഇന്‍ പേഴ്‌സണ്‍സ് റിപ്പോര്‍ട്ടില്‍ ഇടംനേടിയത്.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് സുനിത. വെറ ലെസ്‌കൊ(അല്‍ബേനിയ), ബെഞ്ചമിന്‍ പെറിന്‍(കാനഡ), മരിലിയാന മൊരാലെസ് ബെറിയോസ്(കോസ്റ്ററിക്ക), മേജര്‍ ജോര്‍ജ് വാനികിയോതിസ്(ഗ്രീസ്), എല്ലെ അനിത(ഇന്തോനേഷ്യ), അയ്‌ദ അബുറാസ്(ജോര്‍ദാന്‍), ആലിസ് നാഹ്(മലേഷ്യ), ഇനാസിയോ സെബസ്റ്റ്യാനോ മുസ്സാന്‍ഹെയ്‌ന്‍(മൊസാംബിക്)എന്നിരാണ് സുനിതയ്‌ക്കു പുറമെ റിയല്‍ ഹീറോ പട്ടികയിലുള്ളത്. 170 രാജ്യങ്ങളിലെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്.
പാലക്കാട് താമരപ്പാടം രാജു കൃഷ്‌ണന്‍-നളിനി ദമ്പതികളുടെ മകളാണ് സുനിത. വ്യഭിചാര കേന്ദ്രമായിരുന്ന മെഹ്‌ബൂബ് കി മെഹ്‌ന്ദി കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന് തെരുവിലായവരുടെ പുരധിവാസം ലക്ഷ്യമിട്ട് തൊടുപുഴ സ്വദേശിയായ ബ്രദര്‍ ജോസ് വെട്ടിക്കലിനൊപ്പം 1997ല്‍ പ്രജ്വല എന്ന പേരില്‍ ട്രാന്‍സിഷന്‍ സ്‌കൂള്‍ തുറന്നുകൊണ്ടാണ് ഹൈദരാബാദിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സുനിത തുടക്കം കുറിച്ചത്. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലൊന്നാണിത്. 2005ല്‍ ബ്രദര്‍ ജോസ് മരമണടഞ്ഞശേഷം സുനിത തനിച്ചാണ് പ്രജ്വലയെ നയിക്കുന്നത്.
ലൈംഗീക ചൂഷണത്തിനുവേണ്ടി നാടുകടത്തപ്പെടുന്ന കുട്ടികളുടെയും സ്‌ത്രീകളുടെയും സംരക്ഷണം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന പ്രജ്വല കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ വിവിധ സ്ഥലങ്ങളിലായി ലൈംഗീക തൊഴിലാളികളുടെ മക്കള്‍ക്കുവേണ്ടി പതിനേഴ് ട്രാന്‍സിഷന്‍ സ്‌കൂളുകള്‍ നടത്തുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴിലവസരവും തരപ്പെടുത്തി അവരുടെ അമ്മമാരെ വേശ്യാവൃത്തിയില്‍നിന്ന് മോചിപ്പിക്കുകയാണ് പ്രധാന പ്രവര്‍ത്തനരീതി. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെയുംമറ്റും രീതിയില്‍ മനുഷ്യക്കടത്തിനെതിരായ ബോധവത്‌കരണവും നടത്തിവരുന്നു.
യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓഫ് ദ നാഷണല്‍ ക്യാപ്പിറ്റല്‍ ഏരിയ(യു.എന്‍.എ.എന്‍.സി.എ)യുടെ പെര്‍ഡിറ്റ ഹുസ്റ്റണ്‍ അവര്‍ഡ്, വേള്‍ഡ് ഓഫ് ചില്‍ഡ്രണ്‍ അവാര്‍ഡ്, അറബ് ഗള്‍ഫ് ഫണ്ട് അവാര്‍ഡ്, സ്‌ത്രീശക്തി ഇന്ത്യ പുരസ്‌കാരം, ദേശീയ ശിശുക്ഷേമ അവാര്‍ഡ്, സി.എന്‍.എന്‍-ഐബി.എന്‍ റിയല്‍ ഹീറോ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ സുനിതയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര സംവിധായകന്‍ രാജേഷ് ടച്ച്‌റിവറാണ് ഭര്‍ത്താവ്.
-----------------------


6:30 AM
മീഡിയ ഹബ്

